ജുബൈൽ: ജുബൈൽ മലയാളി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ റോയൽ കമ്മീഷൻ ബീച്ച് ക്യാമ്പിൽ സംഘടിപ്പിച്ച ‘ഓണനിലാവ് 2026’ ഓണാഘോഷം പ്രവാസി മലയാളികൾക്ക് അവിസ്മരണീയ അനുഭവമായി. കുടുംബങ്ങളുടെയും കുട്ടികളുടെയും ആവേശകരമായ പങ്കാളിത്തത്തോടെ രാവിലെ ആരംഭിച്ച ആഘോഷപരിപാടികൾ രാത്രി വരെ നീണ്ടുനിന്നു. കേരളത്തിൻ്റെ ഓണപ്പാരമ്പര്യവും മലയാളികളുടെ കൂട്ടായ്മയും സൗഹൃദവും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്നതായിരുന്നു പരിപാടികൾ.
പരമ്പരാഗത രീതിയിൽ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. സമാജം ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ചക്കിങ്കൽ ആഘോഷങ്ങൾക്ക് തിരികൊളുത്തി. തുടർന്ന് മാവേലി, പുലികളി, ചെണ്ടമേളം എന്നിവ അണിനിരന്ന വർണാഭമായ ഘോഷയാത്ര അരങ്ങേറി. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്ത ഘോഷയാത്ര ബീച്ച് ക്യാമ്പിനെ കേരളീയ ഉത്സവാന്തരീക്ഷത്തിലാക്കി. മാവേലിയുടെ സാന്നിധ്യവും പുലികളിയുടെ ചടുലമായ പ്രകടനവും ചെണ്ടമേളത്തിൻ്റെ താളവും ആഘോഷത്തിന് കൂടുതൽ മിഴിവേകി.
തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. നൂറുകണക്കിന് പ്രവാസി മലയാളികൾ ഒരുമിച്ചിരുന്ന് സദ്യ ആസ്വദിച്ചത് പ്രവാസഭൂമിയിലും കേരളത്തിൻ്റെ ഓണസ്മരണകൾക്ക് പുതുജീവൻ നൽകി. ഉച്ചയ്ക്കുശേഷം കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കായിക-വിനോദ മത്സരങ്ങൾ സംഘടിപ്പിച്ചു. പഞ്ചഗുസ്തി, വടംവലി തുടങ്ങിയ മത്സരങ്ങൾ ആവേശകരമായി. വാശിയേറിയ വടംവലി മത്സരത്തിൽ എബി ആൻഡ് ടീം ഒന്നാം സ്ഥാനവും രാജേഷ് ആൻഡ് ടീം രണ്ടാം സ്ഥാനവും നേടി. ഒന്നാം സമ്മാനമായ ക്യാഷ് അവാർഡ് ഷാജഹാൻ കുൽഫി ബ്രോസ്റ്റഡ് സ്പോൺസർ ചെയ്തു.
പരിപാടിയുടെ ഭാഗമായി ജുബൈൽ മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ആരോഗ്യപരിശോധനയും ആവശ്യമായ ആരോഗ്യ നിർദേശങ്ങളും നൽകി.
റിട്സ് ബ്യൂട്ടി വേൾഡും ജുബൈൽ മലയാളി സമാജവും സംയുക്തമായി സംഘടിപ്പിച്ച ‘മലയാളി മങ്ക’ മത്സരവും ശ്രദ്ധേയമായി. ശരണ്യ ഒന്നാം സ്ഥാനവും റിഷാന രണ്ടാം സ്ഥാനവും ധന്യ ഫെബിൻ മൂന്നാം സ്ഥാനവും നേടി. അർച്ചന അഭിഷേക്, മീനു മോഹൻദാസ്, രേവതി റിട്സ് എന്നിവർ വിധികർത്താക്കളായി.
വൈകുന്നേരം അഞ്ചിന് ആരംഭിച്ച കലാസന്ധ്യ ആയിഷ അജ്മലിന്റെ വിശുദ്ധ ഖുർആൻ പാരായണത്തോടെ ആരംഭിച്ചു. തുടർന്ന് കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച നൃത്തം, ഗാനങ്ങൾ, നാടൻ കലാരൂപങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. കലാഭവൻ നസീബിൻ്റെ ഫിഗർ ഷോ പരിപാടിയുടെ പ്രധാന ആകർഷണമായി. ആർ.ജെ. നിയാസ് ഇ. കുട്ടി മുഖ്യ അവതാരകന)നും ഡോ. നവ്യ വിനോദും മുബാറക് ഷാജഹാനും സഹഅവതാരകരുമായിരുന്നു.
യു.ഐ.സി. കമ്പനി സി.ഇ.ഒ ഡോ. ബദറുദീൻ അബ്ദുൽ മജീദ് ചടങ്ങിൽ മുഖ്യാതിഥിയായി. ഇന്ത്യൻ സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ സനൽ മാഷിൻ്റെ ‘ടൈംസോണിലെ മൂന്നുകൂട്ടികൾ’ എന്ന പുതിയ പുസ്തകം ചടങ്ങിൽ ജുബൈൽ മലയാളി സമാജം പ്രസിഡന്റ് ബൈജു അഞ്ചലിന് കൈമാറി.
ജുബൈലിലെ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ എംബസി കോർഡിനേറ്ററുമായ സൈഫുദ്ധീൻ പൊറ്റശ്ശേരിയെയും, ജുബൈൽ മലയാളി സമാജം സ്ഥാപക ചെയർമാനും മുൻ പ്രസിഡന്റുമായ തോമസ് മമ്മൂടാനെയും ചടങ്ങിൽ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു. ജുബൈൽ മലയാളി സമാജം പ്രസിഡന്റ് ബൈജു അഞ്ചൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സന്തോഷ് ചക്കിങ്ങൽ സ്വാഗതവും ട്രഷറർ സുമോദ് മോഹൻ നന്ദിയും രേഖപ്പെടുത്തി. നവീൻ കോതേരി പരിപാടിയുടെ പ്രോഗ്രാം കോർഡിനേറ്ററായി പ്രവർത്തിച്ചു.
ഷാജഹാൻ കുൽഫി, എബി ജോൺ, ഷഫീക് താനൂർ, രാജേഷ് കായംകുളം, നിസാർ ഇബ്രാഹിം, കുഞ്ഞികോയ, ജലീൽ, ബെൻസൺ, വികാസ്, ഗിരീഷ്, അഷറഫ് നിലമേൽ, ഷജീർ തച്ചമ്പാറ, റിയാസ് എൻ.പി., ശരത്, രാജേഷ്, സാറാഭായ് സൈഫുദ്ധീൻ, ആശ ബൈജു, നീതു രാജേഷ്, സിനി സന്തോഷ്, ബിബി രാജേഷ്, ധന്യ ഫെബിൻ, ഫാത്തിമ അഫ്സൽ, ഗീതു വിഷ്ണുജിത്, ശാലിനി ദീപേഷ്, ബിനു ശരത്, എൽസി ജോയ്സ്, അനു സൂരജ്, സുജിന ഷാജി എന്നിവരുള്പ്പെടെയുള്ള സമാജം ഭാരവാഹികളും വനിതാ വിഭാഗം അംഗങ്ങളും സന്നദ്ധപ്രവർത്തകരും പരിപാടിയുടെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചു.
പ്രവാസജീവിതത്തിനിടയിലും കേരളത്തിൻ്റെ ഓണപ്പാരമ്പര്യവും സംസ്കാരവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനും കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒരുമിപ്പിക്കുന്നതിനും ഓണാനിലാവ് 2026 വേദിയായി. ജുബൈൽ മലയാളി സമാജത്തിൻ്റെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും ജനപങ്കാളിത്തവും നൽകുന്ന ശ്രദ്ധേയമായ ആഘോഷമായി പരിപാടി മാറി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
