ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ ദാരുണ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിലെ മൂന്ന് പേരുടെയും ഖബറടക്കം ഇന്ന് ഫുജൈറയിൽ നടക്കും. മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ ഇരട്ട മക്കളായ മുഹമ്മദ് അസ്മിൽ സിദ്ദീഖ് (21), മിസ്ന ജുബിൻ സിദ്ദീഖ് (21) എന്നിവർക്കും മൂത്തമകളുടെ മകൾ മൂന്നുവയസ്സുകാരൻ മുഹമ്മദ് ഫായിസിനുമാണ് നൊമ്പര ഓർമകളോടെ യുഎഇ മണ്ണിൽ അന്ത്യവിശ്രമമൊരുക്കുന്നത്.
ഇന്ന് ജുമുഅ നമസ്കാരത്തിന് ശേഷം ഫുജൈറ ഒാൾഡ് ഇത്തിസാലാത്തിനടുത്തുള്ള പള്ളിയിലാണ് ജനാസ നമസ്കാരം. തുടർന്ന് തൊട്ടടുത്തുള്ള ഖബർസ്ഥാനിൽ ഖബറടക്കും. ഇതിനകം പള്ളിയിലെത്തിച്ച മൃതദേഹങ്ങൾ ഇപ്പോൾ ആളുകളെ കാണിച്ചുതുടങ്ങിയതായി സാമൂഹിക പ്രവർത്തകൻ അബ്ദുല്ല മനോരമ ഒാൺലൈനിനോട് പറഞ്ഞു.
ഫുജൈറയിലെ പ്രമുഖ വ്യവസായിയും പതിറ്റാണ്ടുകളായി പ്രദേശവാസികൾക്ക് ഏറെ സുപരിചിതനുമാണ് സിദ്ദീഖ്. മകൾ ഫർസാനയുടെ മകനാണ് മൂന്നു വയസ്സുകാരനായ ഫായിസ്. നാട്ടിൽ നിന്ന് പിതാവിന്റെ ചികിത്സയ്ക്ക് ശേഷം അടുത്തിടെയാണ് ഇവർ യുഎഇയിലേക്ക് തിരികെ എത്തിയത്. ബന്ധുവിനെ ഷാർജയിൽ ഇറക്കി മടങ്ങി വരുന്നതിനിടെ ബുധനാഴ്ച രാത്രി പതിനൊന്നൊടെ ഫുജൈറ കോർട്ട് ഹൗസിന് സമീപത്തായിരുന്നു ഇവരുടെ കാർ ട്രക്കുമായി കൂട്ടിയിടിച്ചത്. അപകടസമയത്ത് കൂടെയുണ്ടായിരുന്ന മാതാവ് ആരിഫയാണ് വിവരം മൂത്ത മകൻ അജ്മലിനെ വിളിച്ച് അറിയിച്ചത്.
അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ അസ്മിലും മിസ്നയും കുഞ്ഞു ഫായിസും സംഭവസ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റ മാതാവ് ആരിഫയും സഹോദരി ഫർസാനയും മറ്റ് രണ്ട് കുട്ടികളും അപകടനില തരണം ചെയ്തിട്ടുണ്ട്.
പഠനത്തിലും ജീവിതത്തിലും എപ്പോഴും ഒപ്പമുണ്ടായിരുന്ന ഇരട്ടസഹോദരങ്ങളുടെ വിയോഗം നാടിനെയും പ്രവാസി സമൂഹത്തെയും ഏറെ ദുഃഖത്തിലാഴ്ത്തി. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ (ബിസിഎ) ബിരുദ വിദ്യാർഥികളായിരുന്ന ഇരുവരും പിതാവിനെ ബിസിനസിൽ സഹായിക്കാനും മുന്നിലുണ്ടായിരുന്നു. നാട്ടിലെത്തിയാൽ അവിടുത്തെ കലാ-കായിക മേഖലകളിലും സജീവമായിരുന്ന ഇരുവരുടെയും വേർപാടിൽ പ്രവാസി സംഘടനകളും നാട്ടിലെ കൂട്ടായ്മകളും അനുശോചിച്ചു. സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ കോൺസുലേറ്റിന്റെയും സഹകരണത്തോടെയാണ് ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കിയത്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
