‘റിയാദ് വില്ല’യ്ക്കും ചെയർമാനുമെതിരെയുള്ള ആരോപണങ്ങൾ തള്ളി കമ്പനി; നിയമനടപടിക്കൊരുങ്ങുന്നു

News Desk
2 Min Read

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ നിർമാണ കമ്പനിയായ ‘റിയാദ് വില്ല’യ്ക്കും ചെയർമാനുമെതിരെ കേരളത്തിലെ ഒരു യൂട്യൂബ് ചാനൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കമ്പനി അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

2012 നവംബർ 15-ന് അൽഹസ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ അഴീക്കോട് സ്വദേശി നവീൻ കുന്നിരിക്കൻ മരിച്ച സംഭവത്തെ വളച്ചൊടിച്ച് സ്ഥാപനത്തെ പൊതുസമൂഹത്തിന് മുന്നിൽ സംശയത്തിന്റെ നിഴലിൽ നിർത്താനും അപകീർത്തിപ്പെടുത്താനും ബോധപൂർവം ശ്രമിക്കുകയാണെന്ന് മാനേജ്‌മെന്റ് ആരോപിച്ചു.

2011 ഡിസംബറിൽ സൗദിയിലെത്തിയ നവീൻ അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയ ശേഷമാണ് വാഹനാപകടത്തിൽ മരിച്ചത്. സൗദി നിയമപ്രകാരം ട്രാഫിക് പോലീസും പബ്ലിക് പ്രോസിക്യൂഷനും നടത്തിയ അന്വേഷണത്തിലും ശാസ്ത്രീയ, ഫോറൻസിക് പരിശോധനകളിലും മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്ന് തെളിഞ്ഞതാണ്. അപകടത്തെത്തുടർന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഹുഫൂഫിലെ കിങ് ഫഹദ് ആശുപത്രിയുടെ മരണ സർട്ടിഫിക്കറ്റിലും വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും കമ്പനി എല്ലാ സഹായങ്ങളും നൽകിയിരുന്നതായി രേഖകൾ സഹിതം അധികൃതർ വിശദീകരിച്ചു.

വാഹനത്തിന്റെ സമ്പൂർണ ഇൻഷുറൻസ് പരിരക്ഷ പ്രകാരം ലഭിച്ച ഒരു ലക്ഷം റിയാലിന്റെ ചെക്ക് നിയമപരമായ നടപടികൾക്കായി കമ്പനി ഇന്ത്യൻ എംബസിക്ക് കൈമാറിയിരുന്നു. എന്നാൽ, ചെക്കിലെ ഗുണഭോക്താവിന്റെ പേരിലുണ്ടായ സാങ്കേതിക പിഴവ് തിരുത്തുന്നതിനും, നവീനൊപ്പം താമസിച്ചിരുന്ന യുവതി നഷ്ടപരിഹാരത്തിന് അവകാശവാദം ഉന്നയിച്ചതിനെത്തുടർന്ന് റവന്യൂ വകുപ്പും എംബസിയും നടത്തിയ അന്വേഷണങ്ങളുമാണ് തുക കൈമാറാൻ കാലതാമസമുണ്ടാക്കിയത്. കുടുംബത്തിന്റെ ഭാഗത്തുനിന്ന് ആവശ്യമായ സഹകരണം ലഭിക്കാതിരുന്നിട്ടും തുക കൈമാറാൻ കമ്പനി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്.

13 വർഷത്തിനുശേഷം സ്വർണക്കടത്ത്, അവയവക്കടത്ത് തുടങ്ങിയ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവരുന്നതിന് പിന്നിൽ ദുരുദ്ദേശ്യവും ഗൂഢാലോചനയുമുണ്ടെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. നാനൂറിലേറെ തൊഴിലാളികളും ആയിരത്തിലധികം കരാർ ജീവനക്കാരുമുള്ള സ്ഥാപനത്തെയും മേധാവികളെയും അപകീർത്തിപ്പെടുത്തുന്ന യൂട്യൂബ് ചാനലുകൾക്കും വ്യക്തികൾക്കുമെതിരെ ശക്തമായ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കും.

ഇതിനായി നിയമവിഭാഗം നടപടികൾ ആരംഭിച്ചതായും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത അസിസ്റ്റന്റ് ജനറൽ മാനേജർ ഹുസൈൻ എം. അലത്താസ്, നിയമവിഭാഗം ഡയറക്ടർ സഈദ് അൽ ഖഹ്താനി, എച്ച്.ആർ മാനേജർ മുതവ്വിഫ് അൽഅതാവി, പ്രോജക്ട് മാനേജർമാരായ അഡ്വ. എൽ.കെ. അജിത് സ്വാമി, സുജിത് കുമാർ, പി.ആർ പ്രതിനിധി നാസർ വലിയകത്ത് എന്നിവർ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!