റിയാദ് വിമാനത്താവളത്തിൽ നിന്ന് ഖത്തർ എയർവേയ്‌സും എയർ അറേബ്യയും സർവീസ് പുനരാരംഭിക്കുന്നു

News Desk
1 Min Read

റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഖത്തർ എയർവേയ്‌സും എയർ അറേബ്യയും പുതിയ സർവീസ് ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യകത പരിഗണിച്ച് ഘട്ടംഘട്ടമായി സർവീസുകൾ വർധിപ്പിക്കാനാണ് ഇരു വിമാനക്കമ്പനികളുടെയും തീരുമാനം.

ഖത്തർ എയർവേയ്‌സ് നവംബർ 13 മുതൽ റിയാദിൽനിന്ന് ദോഹയിലേക്ക് പ്രതിദിനം ഒരു സർവീസ് ആരംഭിക്കും. നവംബർ 21 മുതൽ ഇത് രണ്ട് സർവീസായും നവംബർ 28 മുതൽ മൂന്ന് സർവീസായും വർധിപ്പിക്കും. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കണക്ഷൻ വിമാന സൗകര്യവും യാത്രക്കാർക്ക് ലഭിക്കും. ബിസിനസ് ക്ലാസ് യാത്രക്കാർക്കായി ഖത്തർ എയർവേയ്‌സിന്റെ പ്രീമിയം ക്യാബിൻ സൗകര്യമായ ക്യുസ്യൂട്ടും വിമാനങ്ങളിലെ അതിവേഗ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സംവിധാനവും കമ്പനി പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പിൽ എടുത്തുപറയുന്നുണ്ട്.

അതേസമയം, യു.എ.ഇ ആസ്ഥാനമായ എയർ അറേബ്യ നവംബർ 16 മുതൽ റിയാദ്–ഷാർജ റൂട്ടിൽ വിമാന സർവീസുകൾ പുനരാരംഭിക്കും. പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം ജി.9152 വിമാനത്തിന്റെ സർവീസ് എല്ലാ ദിവസവും ഉണ്ടായിരിക്കും. ജി 9155 വിമാനം ചൊവ്വ, വ്യാഴം ദിവസങ്ങളിലും സർവീസ് നടത്തും. ഇതോടെ റിയാദിൽനിന്ന് ഷാർജയിലേക്ക് പ്രതിദിന വിമാനയാത്രാ സൗകര്യം ലഭ്യമാകും. ഇരു വിമാനക്കമ്പനികളുടെയും പുതിയ പ്രഖ്യാപനങ്ങൾ സൗദി അറേബ്യയിൽനിന്നുള്ള അന്താരാഷ്ട്ര യാത്രാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിൽ പ്രവാസികൾക്കും മറ്റു യാത്രക്കാർക്കും ആശ്വാസകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!