സഊദി വ്യോമ പ്രതിരോധ സംവിധാനം അതി ശക്തം; 24 മണിക്കൂറിനിടെ തകർത്തത് 9 മിസൈലുകളും ഡ്രോണുകളും 

malayalampress
1 Min Read

മക്ക മേഖലയിൽ അവശിഷ്ടങ്ങൾ പതിച്ചു

റിയാദ് — 24 മണിക്കൂറിനിടെ സഊദിയെ ലക്ഷ്യമാക്കി എത്തിയത് 9 മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ. ഇന്നലെ ബുധനാഴ്ച്ചയും ഇന്ന് ഇത് വരെയുമായി സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഹൂതികൾ തൊടുത്തുവിട്ട ഒമ്പത് മിസൈലുകളും ഡ്രോണുകളും സഊദി വ്യോമ പ്രതിരോധ സംവിധാനം തടയുകയും നശിപ്പിക്കുകയും ചെയ്തു. ഇതിൽ രണ്ട് ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങൾ മക്ക മേഖലയിലെ ഒരു ഗ്രാമത്തിൽ പതിച്ചു.

യമനിൽ ഔദ്യോഗിക ഭരണകൂടത്തെ പുനഃസ്ഥാപിക്കുന്നതിനുള്ള സഖ്യസേനയുടെ (Coalition to Restore Legitimacy in Yemen) വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി നൽകിയ പ്രസ്താവന പ്രകാരം, റിയാദ്, മക്ക, സഊദി അറേബ്യയുടെ തെക്കൻ, കിഴക്കൻ മേഖലകൾ ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ, മൂന്ന് ക്രൂയിസ് മിസൈലുകൾ, നാല് ഡ്രോണുകൾ എന്നിവയാണ് തകർക്കപ്പെട്ടത്.

ബുധനാഴ്ച വൈകുന്നേരം ഹൂതികൾ റിയാദ് മേഖലയിലേക്ക് തൊടുത്തുവിട്ട മൂന്ന് ക്രൂയിസ് മിസൈലുകൾ തടയുകയും നശിപ്പിക്കുകയും ചെയ്തതായി സഖ്യസേന ആദ്യം അറിയിച്ചു. അതേ ദിവസം വൈകുന്നേരം, മക്കയിലേക്കും തെക്കൻ മേഖലകളിലേക്കും അയച്ച രണ്ട് ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനം തകർത്തു.

തുടർന്ന്, ബുധനാഴ്ച രാത്രി വൈകി പടിഞ്ഞാറൻ മേഖലയിലേക്ക് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും സഖ്യസേന തകർത്തു. വ്യാഴാഴ്ച പുലർച്ചെ, തകർക്കപ്പെട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങൾ മക്ക മേഖലയിലെ ‘സബൂഹ’ (Sabuhah) എന്ന ഗ്രാമത്തിൽ പതിച്ചതായി സഖ്യസേന സ്ഥിരീകരിച്ചു. ഇതേ സമയയളവിൽ, കിഴക്കൻ പ്രവിശ്യയിൽ (Eastern Province) മറ്റൊരു ഡ്രോണും വ്യോമ പ്രതിരോധ സംവിധാനം തകർത്തു. വ്യാഴാഴ്ച രാവിലെ, റിയാദ് മേഖലയിൽ ഒരു ഡ്രോൺ കൂടി തകർക്കപ്പെട്ടതായി സഖ്യസേന അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!