മക്ക: വിദേശ ഹജ്ജ് തീർത്ഥാടകർക്കായി ഒരൊറ്റ കുടക്കീഴിൽ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന സമഗ്രമായ പുതിയ പാക്കേജ് പ്രഖ്യാപിച്ച് സഊദി അറേബ്യ.
രാജ്യത്ത് എത്തുന്നതുമുതൽ തിരികെ മടങ്ങുന്നതുവരെയുള്ള മുഴുവൻ സേവനങ്ങളും “ഇലക്ട്രോണിക് പാത്ത്” പ്ലാറ്റ്ഫോമിലെ ഒറ്റ ഇലക്ട്രോണിക് കരാറിലൂടെ ലഭ്യമാക്കുന്ന രീതിയിലാണ് ഈ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.
പുണ്യസ്ഥലങ്ങളിലെ സേവനങ്ങൾ, മക്കയിലെയും മദീനയിലെയും താമസ സൗകര്യങ്ങൾ, ഗതാഗതം, കാറ്ററിംഗ് എന്നിവയാണ് ഈ പാക്കേജിലെ നാല് പ്രധാന ഘടകങ്ങൾ. കൂടാതെ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന ഓപ്ഷണൽ സർവീസുകളും ലഭ്യമാണ്. വിദേശ രാജ്യങ്ങളിലെ ഹജ്ജ് കാര്യ ഓഫീസുകൾക്കും ഏജൻസികൾക്കും തീർത്ഥാടകർക്ക് അനുയോജ്യമായ പരിപാടികൾ ലളിതമായി രൂപകൽപ്പന ചെയ്യാൻ ഈ സംവിധാനം സഹായകമാകും.
വരുന്ന ഹജ്ജ് സീസണിനായുള്ള പ്രാരംഭ ഒരുക്കങ്ങളുടെ ഭാഗമായാണ് സഊദി ഹജ്ജ് മന്ത്രാലയം ഈ പുതിയ പാക്കേജിന് തുടക്കമിട്ടിരിക്കുന്നത്. ചാന്ദ്ര കലണ്ടർ പ്രകാരം എല്ലാ വർഷവും ദുൽഹജ്ജ് 8 മുതൽ 13 വരെയുള്ള ദിനങ്ങളിലാണ് ഹജ്ജ് നിർവ്വഹിക്കപ്പെടുന്നത്.
അതേസമയം, അടുത്ത വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് ആഗ്രഹിക്കുന്ന യുഎഇ പൗരന്മാർക്കുള്ള പ്രാഥമിക അപേക്ഷാ രജിസ്ട്രേഷൻ സെപ്റ്റംബർ 14-ന് ആരംഭിച്ച് സെപ്റ്റംബർ 25-ഓടെ പൂർത്തിയായിട്ടുണ്ട്. ഓട്ടോമേറ്റഡ് സ്ക്രീനിംഗ് പ്രക്രിയയിലൂടെ മാനദണ്ഡങ്ങൾ പാലിക്കുന്നവരെയാണ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കുക.
അപേക്ഷകളുടെ സ്ക്രീനിംഗ് പൂർത്തിയാക്കി ഒക്ടോബർ 9-ഓടെ അംഗീകൃത യുഎഇ തീർത്ഥാടകരുടെ വിവരങ്ങൾ പ്രഖ്യാപിക്കും. തുടർന്ന് യാത്രയ്ക്കായി ചെയ്യേണ്ട മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് അധികൃതർ ഇവരെ നേരിട്ട് ബന്ധപ്പെടുന്നതായിരിക്കും.
തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തി ഹജ്ജ്, ഉംറ യാത്രക്കാരെ സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ യുഎഇ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ഇതിനായുള്ള വാക്സിനുകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് യുഎഇ ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
