ലണ്ടണ്‍: ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് ഇറ്റലി 88.7 കോടി ഡോളര്‍ പിഴ ചുമത്തി. ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ ഫോട്ടോകളും വീഡിയോകളും അവരുടെ പ്രത്യേക സമ്മതമില്ലാതെ ആക്സസ് ചെയ്തതിനാണ് ഈ ഭീമന് പിഴ. നടപടിക്കെതിരെ അപ്പീല്‍ പോകുമെന്ന് മെറ്റ അറിയിച്ചു.ഇറ്റാലിയന്‍ അധികാരികള്‍ ഒരു ടെക് കമ്പനിക്കുമേല്‍ ചുമത്തുന്ന ഏറ്റവും വലിയ പിഴകളില്‍ ഒന്നാണിത്.
ഇറ്റാലിയന്‍ ഉപഭോക്താക്കളുടെ ഫോട്ടോകളും വീഡിയോകളും പ്രത്യേക അനുമതി തേടാതെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ വഴി മെറ്റ ശേഖരിച്ചുവെന്നാണ് പരാതി. കോംപറ്റീഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന് ആമസോണിന് 2021-ല്‍ 110 കോടി യൂറോയിലധികം പിഴ ചുമത്തിയിരുന്നു. എന്നാല്‍ ആമസോണ്‍ അപ്പീലിന് പോവുകയും പിഴ 75.2 കോടി യൂറോയായി കുറയ്ക്കുകയും ചെയ്തു.
ഫേസ്ബുക്കിലെ ഗ്യാലറി നിര്‍ദേശ ഫീച്ചറുമായി ബന്ധപ്പെട്ടാണ് ഇറ്റലിയുടെ പുതിയ നടപടി. പോസ്റ്റുകള്‍ക്കായി ഫോണ്‍ ഗാലറിയില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോകളും എടുക്കാനുള്ള ഫീച്ചര്‍ നിലവിലുണ്ട്. ആപ്പിന്റെ മുഴുവന്‍ ഭാഗത്തിനും ബാധകമായ ഒരൊറ്റ അനുമതിയിലൂടെയാണ് ഫേസ്ബുക്ക് ഗ്യാലറിയിലേക്ക് പ്രവേശനം ആവശ്യപ്പെടുന്നത്.
എന്നാല്‍ ഇനി ഗ്യാലറി ആക്സസ് ചെയ്യണമെങ്കില്‍ മെറ്റ പ്രത്യേകം നിര്‍ദേശം നല്‍കുകയും അഭ്യര്‍ഥിക്കുകയും വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2025-ല്‍ 20,100 കോടി ഡോളര്‍ വാര്‍ഷിക വിറ്റുവരവും 6,050 കോടി ഡോളര്‍ അറ്റാദാവുമാണ് മെറ്റ നേടിയത്. അതിന്റെ ഏകദേശം 0.4 ശതമാനമാണ് പിഴയായി ചുമത്തിയിരിക്കുന്നത്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
