കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി, ക്രൂര മർദനമേറ്റു; ആരോഗ്യനില അതീവ ഗുരുതരം

News Desk
1 Min Read

ജയ്പുർ: രാജസ്ഥാനിലെ കരൗലി ജില്ലയിലെ അഞ്ജനി മാതാ ക്ഷേത്രത്തിനു സമീപം യുവതി കൂട്ടബലാത്സംഗത്തിനും ക്രൂരമായ മർദനത്തിനും ഇരയായി. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. 

പ്രാഥമിക വിവരങ്ങൾ അനുസരിച്ച് നാല് പേരാണ് കൃത്യത്തിനു പിന്നിലുള്ളത്. പ്രാഥമികാവശ്യങ്ങൾക്കായി പുറത്തിറങ്ങിയ മറ്റൊരു സ്ത്രീയാണ് യുവതിയെ പരുക്കേറ്റ് അവശനിലയിൽ കിടക്കുന്നത് ആദ്യം കണ്ടത്. ഇവർ ഉടൻ യുവതിയുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചു. വീട്ടുകാർ സ്ഥലത്തെത്തുമ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തെളിവുകൾ ശേഖരിക്കുകയും യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ജില്ലാ പൊലീസ് സൂപ്രണ്ട് ലോകേഷ് സോൻവാൾ നേരിട്ട് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകി. പ്രതികൾക്കായി അഞ്ജനി മാതാ ക്ഷേത്രത്തിനു സമീപമുള്ള കുന്നിൻ പ്രദേശങ്ങളിൽ പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്. ഫോറൻസിക് സയൻസ് ലബോറട്ടറി സംഘവും സ്ഥലത്തെത്തി നിർണായക തെളിവുകൾ ശേഖരിച്ചു.

സംഭവസമയത്ത് പ്രതികൾ മദ്യലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. യുവതി പ്രതികളെ ചെറുക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ ഇവർ ക്രൂരമായി മർദിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. പൊലീസ് അന്വേഷണത്തിനും വൈദ്യപരിശോധനാ റിപ്പോർട്ടിനും ശേഷമേ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!