വാഹനാപകടത്തിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്നവരുടെ മർദനം; ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

News Desk
1 Min Read

വട്ടപ്പാറ (തിരുവനന്തപുരം): വാഹനാപകടത്തെ തുടർന്ന് സ്ഥലത്തുണ്ടായിരുന്നവരുടെ മർദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കരകുളം കല്ലയം ചിറത്തലയ്ക്കൽ ശ്രീനിലയത്തിൽ ശ്രീകുമാറാണ് (52) മരിച്ചത്. കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്ന്  ചികിത്സയിലായിരുന്നു.

ഈമാസം ഒന്നിന് രാത്രി 10-ന് കാരമൂട് ജങ്‌ഷനു സമീപത്തുെവച്ച് ശ്രീകുമാർ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. തുടർന്ന് ശ്രീകുമാറിനെ കസ്റ്റഡിയിൽ എടുത്ത വട്ടപ്പാറ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചിരുന്നു. അപകടസ്ഥലത്ത് എത്തിയവർ ശ്രീകുമാറിനെ മർദിച്ചെന്ന ഭാര്യ ദീപാറാണിയുടെ പരാതിയിൽ കാരമൂട് സ്വദേശികൾക്കെതിരേ വട്ടപ്പാറ പോലീസ് കേസെടുത്തിരുന്നു.

പോലീസ് സ്റ്റേഷനിൽനിന്ന് വീട്ടിൽ എത്തിയതിനു പിന്നാലെ രക്തം ഛർദിച്ച ശ്രീകുമാറിനെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മക്കൾ: ലക്ഷ്മി, പാർവതി. ശ്രീകുമാറിനെ മർദിച്ചെന്ന പരാതിയിൽ കേസെടുത്തെന്നും അന്വേഷണം നടക്കുന്നതായും വട്ടപ്പാറ പോലീസ് പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!