ജിദ്ദ – കോഴിക്കോട് സഊദി എയര്‍ലൈന്‍സ് സര്‍വീസ് നാളെ മുതല്‍

മുഹമ്മദ്‌ കല്ലിങ്ങൽ
1 Min Read

ജിദ്ദ: ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം സഊദി എയര്‍ലൈന്‍സ് ജിദ്ദ – കോഴിക്കോട് നേരിട്ടുള്ള വിമാന സര്‍വീസ് നവംബര്‍ 16 മുതല്‍ പുനരാരംഭിക്കുന്നു. ഇതോടെ മലബാറിലെ പ്രവാസികളുടെയും ഉംറ തീര്‍ത്ഥാടകരുടെയും ദീര്‍ഘകാല സ്വപ്നം യാഥാര്‍ത്ഥ്യ മാവുകയാണ്.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ പത്ത് മണിക്ക് ജിദ്ദയില്‍ നിന്നും പുറപ്പെടുന്ന വിമാനം വൈകുന്നേരം ആറ് മണിക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങും. തിരിച്ചു ഏഴ് മണിക്ക് പുറപ്പെടുന്ന വിമാനം രാത്രി 11 മണിക്ക് ജിദ്ദ വിമാനത്താവളത്തില്‍ ഇറങ്ങും. 180 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിമാനമാണ് സര്‍വീസ് നടത്തുക.

സഊദി അറേബ്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും കണക്ഷന്‍ ലഭിക്കുന്നതിനാല്‍ സഊദിയിലെ മലയാളി പ്രവാസികള്‍ക്ക് ഈ സര്‍വീസ് വലിയ ആശ്വാസം നല്‍കും. കഴിഞ്ഞ ഒരു വര്‍ഷമായി സഊദി എയര്‍ലൈന്‍സ് റിയാദ് – കോഴിക്കോട് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍, ഒക്ടോബര്‍ മാസത്തില്‍ റിയാദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചതിനെ തുടര്‍ന്ന് ഈ സര്‍വീസ് ഇപ്പോള്‍ ദമാമില്‍ നിന്നാണ്. ജിദ്ദ – കോഴിക്കോട് സെക്ടറില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൗദിയുടെ ബജറ്റ് വിമാനക്കമ്പനിയായ
ഫ്ലൈ നാസ് സര്‍വീസ് തുടങ്ങിയിരുന്നു. ഇതും പ്രവാസികള്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും വലിയ ആശ്വാസം നല്‍കുന്നുണ്ട്.

സഊദിയിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇപ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്രയം സഊദി കമ്പനി കളായ സഊദി എയര്‍ലൈന്‍സ്, ഫ്ലൈ നാസ് തുടങ്ങിയവയാണ്.

സഊദി എയര്‍ലൈന്‍സിന്റെ കരിപ്പൂര്‍ സര്‍വീസ് പുനരാരംഭിക്കുന്നത് പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണെന്നും നേരത്തെ ഉണ്ടായിരുന്ന വലിയ വിമാന സര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും ജിദ്ദ – മലപ്പുറം ജില്ല കെ എം സി സി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ എംപി മാര്‍ മുഖേന ഇക്കാര്യത്തിന് മലപ്പുറം ജില്ല കെ എം സി സി പരിശ്രമം നടത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!