ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കുന്ന കേന്ദ്രസർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. 2,000 രൂപയിൽ അധികമുള്ള ഇടപാടുകൾക്കാണ് ചാർജ് ഈടാക്കുക. സുപ്രീംകോടതിയിലെ മൂന്നംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
ഉത്തരവിനെതിരായ പൊതുതാത്പര്യ ഹർജിയിൽ വിശദമായ സത്യവാംഗ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ചാർജ് ഈടാക്കുന്ന പുതിയ സംവിധാനത്തിൽ കേന്ദ്ര സർക്കാർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ,നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവരോട് നാലാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി നിർദേശിച്ചു.
അതേസമയം വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന നിരക്ക് നികുതിയോ സർക്കാർ ഈടാക്കുന്ന ഫീസോ അല്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കട്ടരാമൻ കോടതിയെ അറിയിച്ചു.
തുക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ബാങ്കുകൾ, പേയ്മെന്റ് സേവനദാതാക്കൾ തുടങ്ങിയവർക്കിടയിലാണ് പങ്കിടുകയെന്നും കേന്ദ്രം വ്യക്തമാക്കി. ഒക്ടോബർ15 മുതലാണ് ചാർജ് ഈടാക്കുക. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്ക് പുതിയ സംവിധാനം ബാധകമല്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
