ഹോട്ടല്‍ മാനേജ്‌മെന്റ് ജോലി വാഗ്ദാനം ചെയ്ത് സൗദിയിലെത്തിച്ചു; ലഭിച്ചത് വീട്ടുജോലി; ശമ്പളവുമില്ല, ദുരിതജീവിതവും; പരാതിയുമായി ഇന്ത്യന്‍ പ്രവാസി യുവതി

malayalampress
1 Min Read

റിയാദ്: സഊദി അറേബ്യയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ജോലി വാഗ്ദാനം ചെയ്ത് എത്തിച്ച ഇന്ത്യന്‍ യുവതിയെ വീട്ടുജോലിക്ക് നിയോഗിച്ചതായി പരാതി. ശമ്പളം ലഭിക്കുന്നില്ലെന്നും മോശം താമസസാഹചര്യങ്ങളില്‍ കഴിയേണ്ടിവരുന്നുവെന്നും ആരോപിച്ച് യുവതി നാട്ടിലേക്ക് മടങ്ങാന്‍ സഹായം തേടി രംഗത്തെത്തി.

അല്‍മാസ് ബാനു ഗൗസ് ഷരീഫ് എന്ന യുവതിയാണ് റിയാദില്‍നിന്ന് സഹായാഭ്യര്‍ഥനയുമായി വീഡിയോ പുറത്തുവിട്ടത്. ഹോട്ടലിലെ മാനേജ്‌മെന്റ് ജോലിയാണെന്ന് പറഞ്ഞാണ് തന്നെ സൗദിയിലെത്തിച്ചതെന്നും എന്നാല്‍ ഇവിടെ വീട്ടുജോലികളാണ് ചെയ്യിപ്പിക്കുന്നതെന്നും യുവതി ആരോപിച്ചു. നവംബര്‍ 13ന് തെലങ്കാനയിലെ രാഷ്ട്രീയ നേതാവ് വാരിസ് പത്താന്‍ എക്‌സിലൂടെ പങ്കുവെച്ച വീഡിയോയിലാണ് യുവതി ദുരനുഭവങ്ങള്‍ വിവരിച്ചത്.

ഭക്ഷണത്തിനും താമസത്തിനും മതിയായ സൗകര്യങ്ങളില്ലെന്നും യുവതി പരാതിപ്പെട്ടു. തൊഴിലുടമയുടെ വീടിന് പുറത്ത് ഒരു രാത്രി മുഴുവന്‍ കഴിയേണ്ടിവന്ന സാഹചര്യമുണ്ടായതായും രാത്രിയില്‍ മക്കളുമായി സംസാരിക്കാന്‍ വൈഫൈ സൗകര്യം നിഷേധിച്ചതായും അവര്‍ പറഞ്ഞു. ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ലെന്നും യുവതി ആരോപിച്ചു.

മക്കളുടെ വിദ്യാഭ്യാസച്ചെലവുകള്‍ കണ്ടെത്താനും കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനുമാണ് വിദേശത്തേക്ക് ജോലിക്കെത്തിയതെന്ന് അല്‍മാസ് പറഞ്ഞു. കുടുംബം വാടകവീട്ടിലാണ് താമസിക്കുന്നത്. മക്കളുടെ പഠനച്ചെലവിനായി മറ്റൊരു മാര്‍ഗമില്ലാത്ത സാഹചര്യത്തിലാണ് സൗദിയിലെത്തിയതെന്നും അവര്‍ വ്യക്തമാക്കി. ഇനി സൗദിയില്‍ തുടരാന്‍ കഴിയില്ലെന്നും നാട്ടിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്നുമാണ് യുവതിയുടെ അഭ്യര്‍ഥന. ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ മറ്റേതെങ്കിലും ജോലി ചെയ്ത് കുടുംബം നോക്കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.

യുവതിയുടെ മാതാപിതാക്കളും സഹായം തേടി തന്നെ സമീപിച്ചിരുന്നതായി വാരിസ് പത്താന്‍ അറിയിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസി, വിദേശകാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ വിഷയത്തില്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുവതിയുടെ താമസസ്ഥലം കണ്ടെത്തി സുരക്ഷ ഉറപ്പാക്കുകയും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!