കോട്ടയം: സംസ്ഥാനത്ത് കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തുന്ന സൗജന്യയാത്ര പദ്ധതിയിൽ ട്രാൻസ്ജെൻഡർ വനിതകളെയും ഉൾപ്പെടുത്തിയേക്കും.
ഇതുസംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ സർക്കാർ തലത്തിൽ നടന്നതായാണു വിവരം. കോൺഗ്രസിന്റെ പോഷക സംഘടനയായ ട്രാൻസ്ജെൻഡർ കോൺഗ്രസ് നേതാക്കൾ ഇതുസംബന്ധിച്ച നിവേദനം ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിനു നൽകി.
വിഷയത്തിൽ മന്ത്രിയുടെ ഉറപ്പു ലഭിച്ചതായി ട്രാൻസ്ജെൻഡർ കോൺഗ്രസ് നേതാവ് അമേയ പ്രസാദ് മനോരമ ഓൺലൈനോടു പറഞ്ഞു. ട്രാൻസ്ജെൻഡർ വനിതകളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതു സജീവപരിഗണനയിലുണ്ടെന്നു സി.പി. ജോണും പറഞ്ഞു. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യയാത്ര നടപ്പാക്കുമെന്നും ഇതുസംബന്ധിച്ച വിവശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് ആദ്യ മന്ത്രിസഭായോഗം കഴിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞത്.
കെഎസ്ആർടിസിയിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കൊപ്പം ജനസംഖ്യയിൽ ന്യൂനപക്ഷമായ ട്രാൻസ് സ്ത്രീകളെ കൂടി ഉൾപ്പെടുത്തുന്നത് അധിക സാമ്പത്തികബാധ്യത ഉണ്ടാക്കില്ലെന്നതും സർക്കാരിനെ പദ്ധതി നടപ്പാക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. നിലവിൽ ഔദ്യോഗികമായി സ്വയം വെളിപ്പെടുത്തിയ ട്രാൻസ്ജെൻഡർ വ്യക്തികളുടെ എണ്ണം ഏകദേശം 25,000 ആണ്.
ഇതിൽ സിംഹഭാഗവും (ഏകദേശം 99% ശതമാനത്തോളം) ട്രാൻസ്ജെൻഡർ വനിതകളാണെന്ന് സർവേകൾ വ്യക്തമാക്കുന്നു. എന്നാൽ സാമൂഹികമായ കാരണങ്ങളാൽ യഥാർഥ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്നും ഏകദേശം നാൽപതിനായിരത്തോളം ട്രാൻസ്ജെൻഡർ വ്യക്തികൾ കേരളത്തിലുണ്ടാകാമെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ കണക്കാക്കുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
