പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയിലേക്ക് സർവ്വീസുമായി സഊദിയുടെ പുതിയ വിമാന കമ്പനി റിയാദ് എയർ,  അടുത്ത മാസം മുതൽ പ്രതിദിന സർവ്വീസ് 

malayalampress
2 Min Read

റിയാദ്: സഊദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ വാർത്തയുമായി രാജ്യത്തിന്റെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ. അടുത്ത മാസം മുതൽ ഇന്ത്യയിലേക്ക് പ്രതിദിന സർവ്വീസ് പ്രഖ്യാപിച്ചു. തലസ്ഥാന നഗരിയായ റിയാദിൽ നിന്നും മുംബൈയിലേക്ക് ആണ് കമ്പനിയുടെ ഇന്ത്യയിലെ കന്നി സർവ്വീസ് കമ്പനി പ്രഖ്യാപിച്ചത്. ഇതോടെ പ്രവാസികൾക്ക് കൂടുതൽ യാത്രാ സൗകര്യങ്ങളും മികച്ച കണക്റ്റിവിറ്റിയും ലഭ്യമാകും. സഊദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ കീഴിലുള്ള റിയാദ് എയർ സർവീസ് നടത്തുന്ന ഒമ്പതാമത്തെ ലക്ഷ്യസ്ഥാനമാണ് മുംബൈ. കൂടുതൽ ആവശ്യമേറിയ കേരളം ഉൾപ്പെടെ ഇന്ത്യയിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലേക്ക് സർവ്വീസുകൾ പിന്നാലെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

മുംബൈ സർവീസുകൾക്കായുള്ള ടിക്കറ്റ് ബുക്കിങ് കമ്പനി ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. വരും ദിവസങ്ങളിൽ യാത്ര പ്ലാൻ ചെയ്യുന്ന പ്രവാസികൾക്ക് ഇത് വലിയൊരനുഗ്രഹമാകും. ഓഗസ്റ്റ് നാലിനായിരിക്കും റിയാദ് എയറിന്റെ ആദ്യ മുംബൈ വിമാനം പറന്നുയരുക. റിയാദ് കിങ് ഖാലിദ് ഇന്റർനാഷനൽ എയർപോർട്ടിനും മുംബൈയിലെ ഛത്രപതി ശിവജി ഇന്റർനാഷനൽ എയർപോർട്ടിനും ഇടയിൽ അത്യാധുനിക സൗകര്യങ്ങളുള്ള ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും പ്രതിദിന സർവീസുകൾ നടത്തുക.

ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണിയായ ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുന്നത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രവാസികളുടെ യാത്രാ ആവശ്യങ്ങൾ വേഗത്തിൽ നിറവേറ്റാൻ സഹായിക്കുമെന്നും ബിസിനസ് യാത്രകൾ കൂടുതൽ സുഗമമാക്കുമെന്നും കമ്പനി അറിയിച്ചു.

ഈ പുതിയ റൂട്ട് വഴി മുംബൈയിൽ നിന്നുള്ള യാത്രക്കാർക്ക് റിയാദ് വഴി ലണ്ടൻ, മാഡ്രിഡ് പോലുള്ള പ്രധാന രാജ്യാന്തര നഗരങ്ങളിലേക്ക് നേരിട്ട് കണക്ഷൻ ഫ്ലൈറ്റുകളും ലഭ്യമാകും. കഴിഞ്ഞ മാസം സ്പെയിനിലെ മലഗ, മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുർ എന്നിവിടങ്ങളിലേക്ക് റിയാദ് എയർ പ്രതിവാരം മൂന്ന് സർവീസുകൾ വീതം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യയിലേക്കും സർവീസ് വ്യാപിപ്പിക്കുന്നത്.

സഊദി വിഷൻ 2030ന്റെ ഭാഗമായി ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബായി റിയാദിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ 2023 മാർച്ച് 12നാണ് റിയാദ് എയർ സ്ഥാപിതമായത്. പുതിയ മുംബൈ സർവീസ് പ്രഖ്യാപനത്തോടെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ വലിയ ആവേശമാണ് ഉണ്ടായിരിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article