ടോയ്‌ലറ്റ് ക്ലീനർ കുത്തിവെച്ച് ഭർത്താവിനെ കൊന്നു; ഭാര്യയും കാമുകനും അറസ്റ്റിൽ

News Desk
1 Min Read

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ചികിത്സയിലായിരുന്ന ഭർത്താവിന് കാനുല (Cannula) വഴി ടോയ്‌ലറ്റ് ക്ലീനർ കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഗൾഫിൽ ജോലി ചെയ്യുന്ന പ്രശാന്ത് (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സന്ധ്യ (32), കാമുകൻ അനിൽ (35), ഇവർക്ക് ഒത്താശ ചെയ്ത വെങ്കിട് സായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തന്റെ മകൻ പ്രശാന്ത് ജൂൺ 30-ന് മരിച്ച വിവരം ജൂലൈ ഒന്നിനാണ് അറിഞ്ഞതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കാണിച്ച് പ്രശാന്തിന്റെ അമ്മ നൽകിയ പരാതിയിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മകൻ നാട്ടിൽ വന്ന വിവരം പോലും തന്നെ അറിയിച്ചിരുന്നില്ലെന്ന് അമ്മ പരാതിയിൽ പറഞ്ഞിരുന്നു.

പൊലീസ് അന്വേഷണത്തിലും സാങ്കേതിക തെളിവുകളിലും സന്ധ്യയ്ക്ക് അനിലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. തങ്ങളുടെ ബന്ധത്തിന് തടസ്സമായി നിന്ന പ്രശാന്തിനെ ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് പദ്ധതിയിടുകയായിരുന്നു. ഇതിനായി വെങ്കിട് സായ് എന്നയാളുടെ സഹായം തേടി.

ജൂൺ 29-ന് പ്രശാന്തിനെ വെങ്കിട് സായ് നിർബന്ധിച്ച് അമിതമായി മദ്യം കഴിപ്പിച്ചിരുന്നു. തുടർന്ന് കെട്ടിടത്തിന്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി, ഫോണിലൂടെ സന്ധ്യ നൽകിയ നിർദ്ദേശപ്രകാരം താഴേക്ക് തള്ളിയിട്ടു. എന്നാൽ ഗുരുതരമായി പരിക്കേറ്റെങ്കിലും പ്രശാന്ത് മരിച്ചില്ല.

തുടർന്ന് സന്ധ്യയും സായിയും ചേർന്ന് പ്രശാന്തിനെ ആദ്യം സർക്കാർ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതിനുശേഷം വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. Government

വീട്ടിലെത്തിച്ച ശേഷവും പ്രശാന്തിനെ കൊല്ലാൻ കാമുകൻ അനിൽ സന്ധ്യയ്ക്ക് പ്രേരണ നൽകി. ഇതേത്തുടർന്ന് ചികിത്സയ്ക്കായി കയ്യിലിട്ടിരുന്ന കാനുല വഴി സന്ധ്യ പ്രശാന്തിന് ടോയ്‌ലറ്റ് ക്ലീനറും അനസ്തേഷ്യ മരുന്നും കുത്തിവെക്കുകയായിരുന്നു. ഇതിനുപുറമെ കട്ടിലിൽ നിന്ന് താഴേക്ക് തള്ളിയിടുകയും ചെയ്തു. ഇതോടെയാണ് പ്രശാന്ത് മരണപ്പെട്ടത്.

ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article