വിമാനത്തിൽ അപ്രതീക്ഷിതമായ അനൗൺസ്മെന്റ്: രക്ഷകയായി യുവതി; വിമാനത്തിലെ ‘മലയാളി രക്ഷക’യെ ചേർത്തുപിടിച്ച് നാട്ടുകാർ, പ്രവാസി നഴ്സിന് നാടിന്റെ സ്നേഹാദര
പരവൂർ: ആകാശയാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി എത്തിയ മെഡിക്കൽ എമർജൻസി അനൗൺസ്മെന്റ് കേട്ട് പകച്ചുപോയ വിമാനയാത്രക്കാർക്ക് ആശ്വാസമായി മലയാളി നഴ്സ്. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന വിമാനത്തിലാണ് ആകാശ മാലാഖയായി കൊല്ലം പരവൂർ സ്വദേശിനിയും റാസൽഖൈമ ആശുപത്രിയിലെ നഴ്സുമായ പൂജ ധൈര്യപൂർവ്വം മുന്നിട്ടിറങ്ങിയത്.
കഴിഞ്ഞ ഒന്നിനായിരുന്നു നാടിനൊട്ടാകെ അഭിമാനമായി മാറിയ ആ സംഭവം. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന കൊല്ലം പരവൂർ സ്വദേശിനിയും റാസൽഖൈമ ആശുപത്രിയിലെ നഴ്സുമായ പൂജ, ബോധരഹിതയാകാൻ തുടങ്ങിയ സഹയാത്രികയ്ക്ക് അടിയന്തര പരിചരണം നൽകി മാതൃകയാവുകയായിരുന്നു.
വിമാനം പറന്നുയർന്ന് കുറച്ചു സമയത്തിനകം വിമാനത്തിനുള്ളിൽ അടിയന്തര സഹായം തേടിയുള്ള അനൗൺസ്മെന്റ് മുഴങ്ങി. വിമാനത്തിൽ ഡോക്ടറോ നഴ്സോ ഉണ്ടെങ്കിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന സന്ദേശം കേട്ടയുടൻ, അവധി ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങുകയായിരുന്ന പൂജയ്ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. സീറ്റിൽ നിന്നെഴുന്നേറ്റ് അവർ ജീവനക്കാരുടെ അരികിലേക്ക് ഓടിയെത്തി.
ചികിത്സയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാരിക്കാണ് വിമാനത്തിനുള്ളിൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. വല്ലാതെ തളർന്നുപോയ അവർ ഏതാണ്ട് പൂർണമായും ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു. പൂജ ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകുകയും അവരെ തട്ടിവിളിച്ച് ഉണർത്തി ആവശ്യമായ വെള്ളം നൽകുകയും ചെയ്തു. പിന്നീട് യാത്രക്കാരി കടുത്ത ഭയം കാരണം തണുത്തുവിറയ്ക്കാൻ തുടങ്ങിയപ്പോൾ, ജീവനക്കാരുടെ സഹായത്തോടെ അവരുടെ കൈകൾ തിരുമ്മി ചൂടാക്കാനും മാനസികമായി ധൈര്യം പകരാനും പൂജ ശ്രദ്ധിച്ചു. യാത്രക്കാരിയുടെ അവസ്ഥ കണ്ട് പരിഭ്രാന്തരായ സീനിയർ ക്രൂ വിമാനം അടിയന്തരമായി എവിടെയെങ്കിലും ഇറക്കേണ്ട സാഹചര്യമുണ്ടോ എന്ന് ആരാഞ്ഞപ്പോൾ, നഴ്സ് എന്ന തന്റെ പ്രഫഷനൽ പരിചയസമ്പത്തിന്റെ കരുത്തിൽ പൂജ ധൈര്യപൂർവ്വം വേണ്ടെന്ന് നിർദ്ദേശിച്ചു. യാത്രക്കാരിക്ക് ടെൻഷൻ കാരണം ഉണ്ടായ താത്കാലിക ബുദ്ധിമുട്ടാണെന്നും അവർ ഇപ്പോൾ പൂർണമായും സുരക്ഷിതയാണെന്നും പൂജ ക്യാപ്റ്റനും ജീവനക്കാർക്കും ഉറപ്പ് നൽകി.
വിമാനം തിരുവനന്തപുരത്ത് പിറ്റേന്ന് പുലർച്ചെ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് പൂജ വീണ്ടും ആ യാത്രക്കാരിയുടെ അടുത്തെത്തി ആരോഗ്യാവസ്ഥ അന്വേഷിച്ചിരുന്നു. ആ സമയത്ത് ഭയമെല്ലാം മാറി ആ മുഖത്തുണ്ടായ ആശ്വാസച്ചിരിയും തന്റെ കൈകൾ ചേർത്തുപിടിച്ച് അവർ പറഞ്ഞ നന്ദിയും ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമായാണ് താൻ കരുതുന്നതെന്ന് പൂജ മനോരമ ഓൺലൈനിനോട് പറഞ്ഞു.
അടിയന്തര സാഹചര്യത്തിൽ തനിക്കൊപ്പം നിന്ന വിമാന ജീവനക്കാർക്കും, സേവനത്തെ ആദരിച്ച് വിമാനത്തിനുള്ളിൽ തന്നെ നന്ദിസൂചകമായി കാർഡ് സമ്മാനിച്ച എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്കും പൂജ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
കഴിഞ്ഞ 5 വർഷമായി സഊദിയിലും യുഎഇയിലുമായി ജോലി ചെയ്യുന്ന പൂജ വർഷത്തിലൊരിക്കൽ അവധിക്ക് നാട്ടിലേക്ക് യാത്ര ചെയ്യാറുണ്ടെങ്കിലും ആദ്യമായാണ് വിമാനത്തിൽ ഇത്തരമൊരു സേവനം ചെയ്യുന്നത്. മൂന്ന് വർഷം സഊദിയിലെ നജ്റാനിലും ഒരു വർഷം ജിദ്ദയിലും ജോലി ചെയ്തു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് റാസൽഖൈമ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. ഇവിടെ നിന്ന് ഇത് കന്നിയാത്രയാണ്. രാജകുമാരൻ-സുഷമ ദമ്പതികളുടെ മകളായ പൂജയ്ക്ക് യുവാൻ എന്നൊരു മകനുണ്ട്.
പൂജ രാജകുമാരനെ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ നാട്ടിൽ ആദരിച്ചു. പൂജയുടെ പരവൂരിലെ വീട്ടിലെത്തിയാണ് നേതാക്കൾ നാടിന്റെ അഭിമാനത്തിന് ആദരവ് നൽകിയത്. പൂതക്കുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ, സിഎച്ച്സി ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് ഖാലിദ്, മുൻ ബ്രാഞ്ച് സെക്രട്ടറി ഷെമീല ബീഗം, കലക്കോട് ബ്രാഞ്ച് സെക്രട്ടറി പ്രസാദ്, ഡിവൈഎഫ്ഐ പ്രസിഡന്റ് അൻസൽ, സെക്രട്ടറി സുമീർ, ജിഷാദ്, ആസാദ്, അലി അക്ബർ, സജിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
