മധുര: തമിഴ്നാട് മധുരൈയില്‍ വന്‍ കവര്‍ച്ച. തനിഷ്ക് ജ്വല്ലറിയില്‍ നിന്ന് 50 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. 15 ദിവസം മുന്‍പ് ഉദ്ഘാടനം നടന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. ആഭരണക്കടയിലെ 30 ശതമാനം സ്വര്‍ണം നഷ്ടമായെന്നാണ് പൊലീസ് പറയുന്നത്.
മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. 30 കിലോയിലധികം ആഭരണങ്ങളാണ് നഷ്ടമായത്. നഷ്ടമായ തുക എത്രയാണെന്ന് പൊലീസോ തനിഷ്ക് മാനേജ്മെന്റോ കൃത്യമായി വ്യക്തമാക്കിയിട്ടില്ല.
വ്യാഴാഴ്ച രാവിലെ ജീവനക്കാര്‍ ഷോറൂമിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. മധുരൈ ബൈപ്പാസ് റോഡിലാണ് തനിഷ്കിന്റെ പുതിയ ഷോറൂം. ഷോറൂമിന്റെ പിന്‍വശത്തെ ചുമരും വാതിലും തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. മൂന്ന് പേര് ചേര്‍ന്നാണ് മോഷണം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു.
ഷോറൂമിലെ മുപ്പത് ശതമാനം ആഭരണങ്ങളും നഷ്ടമായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും എത്ര രൂപയുടെ സ്വര്‍ണം നഷ്ടമായെന്ന് കണക്കാക്കി വരുന്നതേയുള്ളൂവെന്നും പൊലീസ് അറിയിച്ചു. സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് അടക്കമുള്ള സംഘവും പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്.
ഷോറൂമില്‍ ഡിസ്പ്ലേയ്ക്ക് വെച്ച ആഭരണങ്ങള്‍ മാത്രമാണ് മോഷ്ടാക്കള്‍ എടുത്തത്. ലോക്കര്‍ റൂമില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ എടുത്തിട്ടില്ല.
കവര്‍ച്ചയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. മൂന്ന് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഓരോ ടീമിന് കീഴിലും മൂന്ന് ഇന്‍സ്പെക്ടര്‍മാരേയും നിയോഗിച്ചിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
