കെപിസിസി അധ്യക്ഷനാകണം; ആഗ്രഹം വീണ്ടും തുറന്ന് പറഞ്ഞ് കൊടിക്കുന്നില്‍ സുരേഷ്

News Desk
1 Min Read

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനാകാനുള്ള താത്പര്യം വീണ്ടും തുറന്നുപറഞ്ഞ് കൊടിക്കുന്നില്‍ സുരേഷ്. എല്ലാ വിഭാഗം ജനങ്ങളുടെയും സ്വീകാര്യതയുണ്ടെന്ന് അവകാശപ്പെട്ട കൊടിക്കുന്നിലിനെ മന്ത്രി കെ. മുരളീധരനും പിന്തുണച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പിന്തുണയും കൊടിക്കുന്നില്‍ സുരേഷിനുണ്ടെന്നാണ് വിവരം.

സണ്ണി ജോസഫ് മന്ത്രിയായതിന് പിന്നാലെയാണ് കെപിസിസി പുനഃസംഘടന സജീവ ചര്‍ച്ചയായത്. കൊടിക്കുന്നിലിന് പുറമേ മാത്യു കുഴല്‍നാടന്‍, ബെന്നി ബെഹനാന്‍, ജോസഫ് വാഴയ്ക്കന്‍ തുടങ്ങി ഒരു ഡസനില്‍ അധികം പേരുകള്‍ ഉയര്‍ന്നു.

ഏറ്റവും ഒടുവിലാണ് മന്ത്രി എ. പി. അനില്‍കുമാറിന്റെ പേര് സജീവ ചര്‍ച്ചയായത്. കൊടുക്കുന്നിലിന് സാധ്യത വര്‍ധിച്ചപ്പോള്‍ ഗ്രൂപ്പ് പോരിന്റെ പേരില്‍ കെ.സി പക്ഷത്തുള്ള അനില്‍കുമാറിന്റെ പേര് ഉയര്‍ത്തിക്കാട്ടി എന്നും ആക്ഷേപമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് അധ്യക്ഷനാകാനുള്ള ആഗ്രഹം കൊടിക്കുന്നില്‍ വീണ്ടും തുറന്ന് പറഞ്ഞത്.

മന്ത്രിസഭയില്‍ മുഖ്യമന്ത്രി വി. ഡി. സതീശനുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന കെ. മുരളീധരന്റെ പിന്തുണയും കൊടിക്കുന്നില്‍ സുരേഷിനുണ്ട്. അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് തള്ളാതെയായിരുന്നു മന്ത്രി എ. പി. അനില്‍കുമാറിന്റെ പ്രതികരണം.

മുഖ്യമന്ത്രി വി. ഡി. സതീശന്റെ പിന്തുണ കൊടിക്കുന്നില്‍ സുരേഷിന് അനുകൂല ഘടകമാണ്. എന്നാല്‍ ദേശീയ നേതൃത്വം സ്വീകരിക്കുന്ന നിലപാടായിരിക്കും നിര്‍ണായകമാവുക.

അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകള്‍ കൊടിക്കുന്നില്‍ സുരേഷ്, എ.പി. അനില്‍കുമാര്‍, ജോസഫ് വാഴയ്ക്കന്‍ എന്നിവരുടേതായി ചുരുങ്ങി എന്നും സൂചനകളുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!