യു ഡി എഫ് ഭരണത്തിലും ടി പി വധക്കേസ് പ്രതികള്‍ക്ക് പരോള്‍; ജയില്‍ അധികൃതര്‍ തള്ളിയ അപേക്ഷ കോടതി അനുവദിച്ചു

News Desk
1 Min Read

തിരുവനന്തപുരം: യു ഡി എഫ് ഭരണത്തിലും ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍. നേരത്തെ പരോളിന്റെ പേരില്‍ സര്‍ക്കാറിനെതിരെ രംഗത്തുവന്ന ആര്‍ എം പി ഉള്‍പ്പെടെയുള്ള കക്ഷികള്‍ പങ്കാളിയായ ഭരണത്തിലും പ്രതികളുടെ പരോള്‍ തടയാനാവുന്നില്ല. പരോള്‍ നിയമാനുസൃതമാണെന്നായിരുന്നു മുന്‍ ഇടതു സര്‍ക്കാറിന്റെ നിലപാട്.

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് ഹൈക്കോടതി ഇടപെട്ടാണ് വീണ്ടും പരോള്‍ അനുവദിച്ചത്. 15 ദിവസത്തേക്കാണ് പ്രതിക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലും ഷാഫി പരോളില്‍ ഇറങ്ങിയിരുന്നു.

കോടതി ഉത്തരവിനെ തുടര്‍ന്ന് ഇയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഇയാളുടെ പരോള്‍ അപേക്ഷ ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞിനെ കാണാന്‍ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി ഹൈക്കോടതിയെ സമീപിച്ചത്.

ഒന്നാം പ്രതി എം സി അനൂപിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 20 ദിവസത്തേക്ക് പരോള്‍ അനുവദിച്ചിരുന്നു. നേരത്തെ രജീഷടക്കമുള്ളവര്‍ക്ക് പരോള്‍ അനുവദിച്ചത് ചട്ടപ്രകാരമല്ലെന്നായിരുന്നു യു ഡി എഫ് വിമര്‍ശനം. ചട്ടപ്രകാരമുള്ള പരോളാണ് അനുവദിച്ചതെന്നായിരുന്നു അന്ന് ജയില്‍ അധികൃതരുടെ വാദം.

ടി പി വധക്കേസ് പ്രതികള്‍ക്ക് ഇടതു സര്‍ക്കാറിന്റെ കാലത്ത് ലഭിക്കുന്നത് നിയമ വിരുദ്ധ പരോള്‍ ആണെന്ന വിവാദം ശക്തമായ ഘട്ടത്തില്‍, അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതി തന്നെ ആവശ്യപ്പെട്ടിരുന്നു. ടി പി കേസ് പ്രതികള്‍ക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷയില്‍ കോടതി ചോദിച്ചിരുന്നു.

ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷ ഹൈക്കോടതി നിരസിക്കുകയും ചെയ്തിരുന്നു. ടി പിയുടെ ഭാര്യ കെ കെ രമ യു ഡി എഫ് അസോഷ്യേറ്റ് ഘടകകക്ഷിയായി വടകരയില്‍ നിന്ന് മത്സരിച്ചു ജയിച്ച് സര്‍ക്കാറിനെ പിന്തുണക്കുമ്പോഴും പ്രതികള്‍ക്ക് പരോളിനു പഞ്ഞമില്ലെന്നാണ് സാഹചര്യം വ്യക്തമാക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!