ഇസ്റാഈലിൽ അധികാരത്തർക്കം രൂക്ഷം; നെതന്യാഹു സൈനിക നീക്കം അടക്കം സുപ്രധാന വിവരങ്ങൾ കൈമാറുന്നില്ലെന്ന് ഐസൻകോട്ട്

News Desk
2 Min Read

ടെൽ അവീവ്: കാവൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹു തനിക്ക് വിവരങ്ങൾ നൽകുന്നില്ലെന്ന് ഗാദി ഐസൻകോട്ട്. ദേശീയ സുരക്ഷ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ കൈമാറാൻ തയ്യാറാകുന്നില്ലെന്നാണ് ആരോപണം.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് തന്നെ ക്ഷണിച്ച സ്ഥിതിക്ക് സൈന്യത്തിന്‍റെ നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്‍റലിജന്‍സ് വിവരങ്ങള്‍ അറിയിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐസന്‍കോട്ട് പ്രതികരിച്ചു. അത്യാവശ്യമല്ലെങ്കിൽ ഭരണമാറ്റ കാലയളവിൽ സൈനിക നീക്കം പാടില്ലെന്നും മുന്നറിയിപ്പ് നൽകി. യുദ്ധമുഖത്തെ പുതിയ നീക്കങ്ങൾ അറിയിക്കണമെന്നും ഐസൻകോട്ട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഐസൻകോട്ട് അറ്റോർണി ജനറലിന് കത്ത് നൽകി.

സർക്കാർ രൂപീകരിക്കാൻ പ്രസിഡന്‍റ് ഐസക് ഹെർസോഗ് തന്നെ ചുമതലപ്പെടുത്തിയതിനാൽ തനിക്ക് കൃത്യവും സമഗ്രവുമായ സുരക്ഷാ റിപ്പോർട്ടുകളും രഹസ്യാന്വേഷണ വിലയിരുത്തലുകളും ലഭിക്കേണ്ടതുണ്ടെന്ന് ഐസൻകോട്ട് പറഞ്ഞു. തന്‍റെ സംഘം നെതന്യാഹുവിന്‍റെ ഓഫീസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിയമം അനുശാസിക്കുന്നതുപോലെ ഏതൊരു സൈനിക നടപടിയും മന്ത്രിസഭയും സർക്കാരും കൃത്യമായി ചർച്ച ചെയ്ത് അംഗീകരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ഐസൻകോട്ട് അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടു

അതിനിടെ ഇറാനെതിരെ നെതന്യാഹു സൈനിക നീക്കത്തിന് ശ്രമിക്കുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനിക മേധാവിമാരിൽ ഒരു വിഭാഗം നീക്കത്തെ ശക്തമായി എതിർത്തു. അതിനിടെയാണ് അടിയന്തര ഭീഷണിയില്ലാതെ സുരക്ഷാ സേനയെ വിന്യസിക്കരുതെന്ന് ഐസൻകോട്ട് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയത്.

രാജ്യം കണ്ടതിൽ വച്ച് ഏറ്റവും സങ്കീർണ്ണവും സെൻസിറ്റീവുമായ രാഷ്ട്രീയ സാഹചര്യത്തിൽ, സുരക്ഷാപരവും ദേശീയവുമായ തീരുമാനങ്ങൾ എടുക്കുന്നതിൽ അതീവ ജാഗ്രതയും ഉത്തരവാദിത്തവും കാണിക്കേണ്ടതുണ്ടെന്ന് ഐസൻകോട്ട് നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. സുരക്ഷാ മേധാവികളെ ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയിലേക്ക് തള്ളിവിടരുതെന്നും അവരെ ആശയക്കുഴപ്പത്തിലാക്കരുതെന്നും ഐസൻകോട്ട് മുന്നറിയിപ്പ് നൽകി. തങ്ങളുടെ കടമ നിർവഹിക്കാൻ അവരെ അനുവദിക്കണമെന്നും അദ്ദേഹം നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.

നെതന്യാഹുവിന്‍റെ മറുപടി
ദേശീയ സുരക്ഷയെ രാഷ്ട്രീയവൽക്കരിക്കാനാണ് ഐസൻകോട്ട് ശ്രമിക്കുന്നതെന്നും ഇത്തരം വിഷയങ്ങൾ പരസ്യമായി ചർച്ച ചെയ്യരുതെന്നും നെതന്യാഹു കത്തിന് മറുപടി നൽകി. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ എടുത്ത എല്ലാ തീരുമാനങ്ങളും പൂർണ്ണമായും സുരക്ഷാ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് എടുത്തിട്ടുള്ളതെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ജയിച്ചു വന്നവരിൽ നിന്ന് ഏറ്റവും കൂടുതൽ ശുപാർശകൾ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിനെ പ്രസിഡന്‍റ് ചുമതലപ്പെടുത്തിയത്. എന്നിരുന്നാലും പുതിയ സർക്കാർ രൂപീകരിക്കുന്നതുവരെ സർക്കാരിന്റെയും സുരക്ഷാ സേനയുടെയും നിയന്ത്രണമുള്ള കാവൽ പ്രധാനമന്ത്രിയായി നെതന്യാഹു തുടരും.

നെതന്യാഹുവിന്‍റെ സഖ്യത്തിന് 53 സീറ്റുകൾ ലഭിച്ചപ്പോൾ, ഐസൻകോട്ടിന്റെ സഖ്യത്തിന് 48 സീറ്റുകളാണ് ലഭിച്ചത്. എന്നാൽ തീവ്ര യാഥാസ്ഥിതിക പാർട്ടിയായ യുണൈറ്റഡ് തോറ ജൂഡായിസം നെതന്യാഹുവിനെ ശുപാർശ ചെയ്യാത്തതിനാൽ അദ്ദേഹത്തിന് 46 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ള 19 സീറ്റുകൾ അറബ് പാർട്ടികളുടെ കൈകളിലാണ്. എന്നാൽ യായർ ഗോലാൻ ഒഴികെയുള്ള നെതന്യാഹു വിരുദ്ധ സയണിസ്റ്റ് പാർട്ടികളുടെ നേതാക്കളെല്ലാം അറബ് പാർട്ടികളെ സർക്കാരിൽ പങ്കാളികളാക്കുന്നതിന് എതിരാണ്. അതുകൊണ്ടുതന്നെ ഐസൻകോട്ടിന് വിശ്വാസ വോട്ടെടുപ്പ് എന്ന കടമ്പ കടക്കാനാവുമോ എന്ന് വ്യക്തമല്ല.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!