ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, വിവസ്ത്രയാക്കി കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചു: ബലാത്സംഗശ്രമമായി ചിത്രീകരിക്കാനും ശ്രമം

News Desk
1 Min Read

ഹോഷിയാർപുർ: പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിവസ്ത്രയാക്കി കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ച കുടിയേറ്റത്തൊഴിലാളി അറസ്റ്റിൽ. കൊലപാതകം ബലാത്സംഗശ്രമത്തിനിടെ നടന്നതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.

ബംഗാളിലെ മാൾഡ സ്വദേശിയായ ജഹാദുർ ഇസ്‌ലാം ആണ് ഭാര്യ റുബീന ഖാത്തൂനെ കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. മുകേരിയനിലെ മദീൻപൂർ ഗ്രാമത്തിൽ അഴുക്കുചാലുകൾ വൃത്തിയാക്കുന്ന ജോലി ചെയ്തുവരികയായിരുന്നു ദമ്പതികൾ.

റുബീനയുടെ സ്വഭാവത്തിൽ സംശയം പ്രകടിപ്പിച്ച് ജഹാദുർ ഇസ്‌ലാം പതിവായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് മുൻപും ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നു.

കഴിഞ്ഞദിവസം ജോലി കഴിഞ്ഞ ശേഷം ജഹാദുർ ഇസ്‌ലാം റുബീനയെ സമീപത്തെ ഒരു കുളത്തിനടുത്തേക്കും തുടർന്ന് ഗ്രാമത്തിനടുത്തുള്ള കരിമ്പിൻ തോട്ടത്തിലേക്കും കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് തോർത്തുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

റുബീന സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം, റുബീനയെ കാണാനില്ലെന്ന് പ്രതി ബിഹാറിലെ കട്ടിഹാർ സ്വദേശിയായ ഭാര്യാസഹോദരൻ സൊഹൈൽ അലിയെ വിളിച്ചറിയിച്ചു.

വിവരമറിഞ്ഞ് റുബീനയുടെ സഹോദരങ്ങൾ സംഭവസ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. എന്നാൽ, റുബീനയെ കണ്ടെത്താനാവാതിരുന്നതിനാലും ജഹാദുർ ഇസ്‌ലാമിന്റെ പരസ്പരവിരുദ്ധമായ സംസാരത്തിൽ സംശയം തോന്നിയതിനാലും അവർ ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം ഇയാൾ തുറന്നുസമ്മതിച്ചത്.

തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കരിമ്പിൻ തോട്ടത്തിൽ നിന്ന് റുബീനയുടെ മൃതദേഹം കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം ഇവരുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയാണ് പ്രതി മൃതദേഹം ഉപേക്ഷിച്ചിരുന്നത്. അന്വേഷണം വഴിതിരിച്ചുവിടാനും പീഡനശ്രമത്തിനിടെ കൊല്ലപ്പെട്ടതാണെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇയാൾ ഇത്തരത്തിൽ ചെയ്തതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ മുകേരിയൻ പൊലീസ് ജഹാദുർ ഇസ്‌ലാമിനെ അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!