യുപി അങ്കത്തിന്‌ ഒവൈസി, ചന്ദ്രശേഖർ ആസാദിന്റെ പാർട്ടിയുമായി സഖ്യം; പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചേക്കും

News Desk
1 Min Read

ലഖ്നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (AIMIM) അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും ആസാദ് സമാജ് പാർട്ടി (കാൻഷിറാം) അധ്യക്ഷൻ ചന്ദ്രശേഖർ ആസാദും തമ്മിൽ പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിക്കുന്നു.

ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിനും കോൺഗ്രസ്-സമാജ്വാദി പാർട്ടി പ്രതിപക്ഷ മുന്നണിക്കും പുറമെ സംസ്ഥാനത്ത് മൂന്നാമതൊരു രാഷ്ട്രീയ മുന്നണിക്ക് ഈ സഖ്യം വഴിയൊരുക്കിയേക്കും. ഇരു പാർട്ടികളും തമ്മിലുള്ള ധാരണ എ.ഐ.എം.ഐ.എം വക്താവ് ഷാദാബ് ചൗഹാൻ സ്ഥിരീകരിച്ചിട്ടുണ്ട്. സഖ്യത്തിന്റെ കൂടുതൽ വിശദാംശങ്ങളും കരാറിന്റെ സ്വഭാവവും ഇന്നത്തെ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന ജനസംഖ്യയുടെ വലിയൊരു വിഭാഗമായ ദലിത്, മുസ്ലിം വോട്ടർമാരെ ഏകോപിപ്പിക്കാനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശിലെ ജനസംഖ്യയിൽ മുസ്ലിങ്ങൾ ഏകദേശം 19 ശതമാനവും ദലിതർ 21 ശതമാനവുമാണ്. ഇരു വിഭാഗങ്ങളും ചേർന്ന് ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്നതിനാൽ ഇതൊരു പ്രധാന വോട്ട് ബാങ്കാണ്. തെലങ്കാനയ്ക്ക് പുറത്തേക്ക് സ്വാധീനം വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന എ.ഐ.എം.ഐ.എമ്മിന് ഉത്തർപ്രദേശിൽ വോട്ട് വിഹിതം സീറ്റുകളാക്കി മാറ്റാൻ മുൻപ് സാധിച്ചിട്ടില്ലെങ്കിലും ന്യൂനപക്ഷ വോട്ടർമാർക്കിടയിൽ ഒവൈസിക്ക് സ്വാധീനമുണ്ട്.

അതേസമയം, 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നഗിന മണ്ഡലത്തിൽ നിന്ന് വിജയിച്ച ചന്ദ്രശേഖർ ആസാദ് പ്രമുഖ ദലിത് നേതാവായി ഉയർന്നുകഴിഞ്ഞു. ഈ പുതിയ സഖ്യം സമാജ്വാദി പാർട്ടിയുടെ പിന്നാക്ക-ദലിത്-ന്യൂനപക്ഷ വോട്ട് സമവാക്യങ്ങളെ ബാധിച്ചേക്കാം.’ഇന്ത്യ’ മുന്നണിയിൽ ചേരാനുള്ള ഒവൈസിയുടെ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പുതിയ നീക്കം.

മുന്നണിയുടെ ഭാഗമാക്കുന്ന കാര്യത്തിൽ ഒക്ടോബർ 2-നകം തീരുമാനമെടുക്കാൻ സമാജ്വാദി പാർട്ടിക്കും കോൺഗ്രസിനും ഒവൈസി സമയം നൽകിയിരുന്നെങ്കിലും ഇരു പാർട്ടികളും ഇതിനോട് താല്പര്യം കാണിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് സ്വന്തമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനിറങ്ങാൻ ഒവൈസി തുനിഞ്ഞത്. ഒവൈസിയുടെ നീക്കം സമാജ്‌വാദി പാർട്ടിയുടെ പിന്നാക്ക-ദലിത്-ന്യൂനപക്ഷ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാനുള്ള സാധ്യതയേറെയാണ്‌.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!