2012ൽ മൂന്നു മലയാളികളെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടു വധശിക്ഷക്ക് വിധേയമാക്കിയതിനെ ശേഷം 14 വർഷങ്ങൾക്കു ശേഷമാണ് മറ്റൊരു മലയാളിയെ കൂടി ദമാമിൽ വധശിക്ഷക്ക് വിധേയനാക്കുന്നത്

malayalampress
4 Min Read
  • 2012ൽ മൂന്നു മലയാളികളെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടു വധശിക്ഷക്ക് വിധേയമാക്കിയതിനെ ശേഷം 14 വർഷങ്ങൾക്കു ശേഷമാണ് മറ്റൊരു മലയാളിയെ കൂടി ദമാമിൽ വധശിക്ഷക്ക് വിധേയനാക്കുന്നത്

സഊദിയിൽ ഞായറാഴ്ച വധശിക്ഷക്ക് വിധേയനാക്കപ്പെട്ട കണ്ണൂർ സ്വദേശിയുടെ കഥ വ്യക്തമാക്കി യൂസുഫ്‌ കാക്കഞ്ചേരി. അദ്ദേഹത്തിന്റെ വാക്കുകൾ 👇

ആ മുഖം ഇപ്പോഴും മനസ്സിൽ തെളിയുന്നു – 

ഇന്ന് സൗദിയിലെ ദമ്മാമിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടു വധശിക്ഷക്ക് വിധേയമാക്കിയ അബൂട്ടി വള്ളിയിൽ എന്ന മലയാളിയെ 2023 ഡിസംബർ പത്താം തിയ്യതിയാണ് ഞാൻ അൽ അഹ്‌സ ജയിലിൽ സന്ദർശിക്കുന്നത്. എന്നോടൊപ്പം രാജീവ് സിക്രി സാറും ഉണ്ടായിരുന്നു. അബൂട്ടി വള്ളിയിൽ എന്ന ഒരു മലയാളിയുടെ തിരോധനത്തെ സംബന്ധിച്ചു അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബം എംബസിയിൽ നേരെത്തെ ഒരു പരാതി നൽകിയിരുന്നു. ഡിസംബർ രണ്ടാം തിയ്യതി അബൂട്ടി റിയാദ് എയർപോർട്ടിൽ നിന്നും രാത്രി 11:45 നുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്കു പുറപ്പെട്ടിട്ടുണ്ടെന്നും രാവിലെ 07 മണിക്ക് കരിപ്പൂരിൽ വിമാനമിറങ്ങുമെന്നും കുടുംബങ്ങളെ അബൂട്ടി നേരെത്തെ അറിയിച്ചിരുന്നുവത്ര. അതനുസരിച്ചു കുടുംബാംഗങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ അബൂട്ടിയെയും പ്രതീക്ഷിച്ചു കാത്തിരുന്നു. പക്ഷെ അബൂട്ടി മാത്രം വിമാനത്തിലുണ്ടായിരുന്നില്ലത്ര. അങ്ങനെയായാണ് കുടുംമ്പം അബൂട്ടിയുടെ തിരോധനത്തെ കുറിച്ച് എംബസിക്കു വിവരം കൈമാറുന്നത്. റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗവുമായും എയർ ഇന്ത്യ ഓഫിസുമായും എംബസി ബന്ധപ്പെട്ടപ്പോൾ അങ്ങനെയൊരു യാത്രക്കാരൻ മേല്പറഞ്ഞ ദിവസം പ്രസ്തുത വിമാനത്തിൽ യാത്ര ചെയ്തിട്ടില്ലെന്ന് അറിഞ്ഞത്. ശേഷം റിയാദ് വിമാനത്താവളത്തിലെ പോലീസ് സ്റ്റേഷനുമായും റിയാദിലെ ആശുപത്രികളുമായും ബന്ധപ്പെട്ടു ഞങ്ങൾ വ്യാപകമായ അനേഷണം നടത്തി. യാതൊരു വിവരവും ലഭിച്ചില്ല.

ഐസിഎഫ് റിയാദ് ജനറൽ സെക്രട്ടറി ജനാബ് ഇബ്രാഹീം കരീം ഉൾപ്പെടെയുള്ള നിരവധി സാമൂഹ്യ പ്രവർത്തകർ അബൂട്ടിയുടെ തിരോധനവുമായി ബന്ധപ്പെട്ടു നിരന്തരം ഞാനുമായി ബന്ധപ്പെട്ടിരുന്നു. അബൂട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു എംബസ്സിയുടെ മേൽ കനത്ത സമ്മർദ്ദം വന്നപ്പോൾ വിഷയം എംബസി സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. അങ്ങനെയിരിക്കെയാണ് കിഴക്കൻ പ്രവിശ്യയിൽപ്പെട്ട അൽ അഹ്‌സ ജയിൽ സന്ദർശിക്കാൻ ഞാനുൾപ്പെട്ട എംബസ്സി സംഘത്തിന് അനുമതി ലഭിച്ചത്. അന്ന് വിവിധ കേസുകളുമായി ബന്ധപ്പെട്ടു 202 ഇന്ത്യക്കാർ അൽ അഹ്‌സ ജയിലിൽ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാ ഇന്ത്യൻ തടവുകാരെയും കണ്ടു വിവരങ്ങൾ രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്. അപ്പോഴാണ് എന്റെ ഇടതുഭാഗത്തു ശോകമൂകനായി ഒരു മലയാളി യുവാവ് താടിക്കു കയ്യും കൊടുത്തു ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടത്. പേര് ചോദിച്ചപ്പോഴാണറിയുന്നതു രണ്ടോളം ആഴ്ചകളായി എംബസിയും ബന്ധുക്കളും അനേഷിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് എന്റെ അടുത്ത് ഇരിക്കുന്നതെന്ന കാര്യം മനസ്സിലായത്. ഉടനെത്തന്നെ ഞാൻ രാജീവ് സിക്രി സാറിനോട് പറഞ്ഞു സാറെ നമ്മൾ അനേഷിച്ചുകൊണ്ടിരിക്കുന്ന ആൾ ഇതായിരിക്കുന്നുവെന്നു.

ഏകേദശം അര മണിക്കൂറോളം ഞാൻ അബൂട്ടിയുമായി സംസാരിച്ചു. ഒമാനിൽ നിന്ന് ഒരു ലാൻഡ്ക്രൂയിസിർ കാറുമായി സൗദിയിലേക്ക് പുറപ്പെട്ടതാണെന്നും കാർ സൗദിയിലെത്തിയാൽ സുഹൃത്തിനു കൈമാറി നാട്ടിലേക്ക് പോവാമെന്നുമായിരുന്നുവെത്ര ഒമാനിൽ നിന്ന് അബൂട്ടിക്ക് വാഹനം കൈമാറിയ ആൾ പറഞ്ഞത്. ഒമാൻ സൗദി അതിർത്തി പ്രദേശമായ ഉമ്മു റമൂൽ എന്ന സ്ഥലത്തു വെച്ചായിരുന്നു അബൂട്ടിയെ സൗദി മയക്കുമരുന്ന് എൻഫോഴ്‌സ്‌മെൻറെ വിഭാഗം കസ്റ്റഡിയിൽ എടുക്കുന്നത്. പിന്നീട് അനേഷണ സംഘം അനേഷണത്തിന്റെ ഭാഗമായി റിയാദ് എയർപോർട്ടിൽ അബൂട്ടിയെ കൊണ്ടുപോവുകയും അബൂട്ടിയുടെ ബന്ധുക്കളുമായി വാട്സ് ആപ്പ് ചാറ്റ് നടത്തിക്കുകയും ചെയ്തത്. ഇരട്ട പെട്രോൾ റ്റാങ്കുള്ള ലാൻഡ് ക്രൂയ്സർ കാറിന്റെ ഒരു ടാങ്കിൽ ആയിരുന്നു ഏകദേശം 43 കിലോയുള്ള ഷാബു എന്ന പേരിലറിയപ്പെടുന്ന മെറ്റാഫെറ്റമിൻ എന്ന മാരകമായ മയക്കുമരുന്ന് ഒളിപ്പിച്ചു വെച്ചത്. അബൂട്ടിക്ക് ഈ വിവരം അറിയില്ലായിരുന്നുവെത്ര. വിവരങ്ങളെല്ലാം എംബസി പിന്നീട് അബൂട്ടിയുടെ ബന്ധുക്കളെ അറിയിച്ചു.

അബൂട്ടിക്ക് അൽ അഹ്‌സ വിചാരണ കോടതി 25 വർഷത്തെ തടവ് ശിക്ഷയും ഒരു മില്യൺ റിയാലും ആയിരിന്നു ശിക്ഷ വിധിച്ചിരുന്നത്. പിന്നീട് പബ്ലിക് പ്രോസിക്യൂഷൻ വിചാരണ കോടതിയുടെ വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുകയും പ്രോസിക്യൂഷന്റെ അപ്പീൽ അനുവദിച്ചുകൊണ്ട് അപ്പീൽ കോടതി അബൂട്ടിക്കു വധ ശിക്ഷ വിധിക്കുകയുമായിരുന്നു. 2012ൽ മൂന്നു മലയാളികളെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടു വധശിക്ഷക്ക് വിധേയമാക്കിയതിനെ ശേഷം 14 വർഷങ്ങൾക്കു ശേഷമാണ് മറ്റൊരു മലയാളിയെ കൂടി ദമ്മാമിൽ വധശിക്ഷക്ക് വിധേയനാക്കുന്നതു്. അറിഞ്ഞോ അറിയാതെയോ മയക്കുമരുന്ന് റാക്കറ്റിന്റെ വലയിൽ പെട്ടാൽ ജീവിതം തന്നെ ഹോമിക്കപ്പെടുമെന്ന സന്ദേശം പ്രവാസികൾ ഉൾക്കൊള്ളേണ്ടതുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസ്സുകളിൽ സൗദി അറേബ്യ ഒരു ദാക്ഷിണ്യവും കാണിക്കില്ല. ഒരു സമൂഹത്തെ ഒന്നടങ്കം നശിപ്പിക്കാൻപോന്ന മാരകമായ വിഷമാണ് മയക്കുമരുന്ന്. നൈമിഷിക സുഖത്തിനു വേണ്ടിയോ അല്ലെങ്കിൽ സാമ്പത്തിക ലാഭത്തിനു വേണ്ടിയോ അറിഞ്ഞോ അറിയാതെയോ ഇത്തരം പ്രവർത്തിയിൽ ഏർപ്പെടുന്നവർക്ക് ഭയാനകമായ ശിക്ഷയാണ് സൗദി നിയമം അനുശാസിക്കുന്നത്.

മയക്കുമരുന്ന് കാർന്നു തിന്നുന്ന യുവതലമുറയെ ഈ മാരകമായ വിപത്തിൽ നിന്ന് രക്ഷപ്പെടുത്തുവാൻ ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ ശക്തമായ ബോധവൽക്കരണ നടപടികളാണ് കേരളത്തിൽ അങ്ങോളമിങ്ങോളം നടന്നു വരുന്നത്. സർക്കാരും പോലീസും നടത്തിവരുന്ന ഈ ഉദ്യമത്തിന് ശക്തി പകരാൻ എല്ലാവരും കൈകോർക്കേണ്ടതുണ്ട്. കനത്ത ശിക്ഷ നല്കാൻ പോന്ന ശക്തമായ നിയമനിർമ്മാണവും ഇക്കാര്യത്തിൽ ഉണ്ടാവേണ്ടതുണ്ട്

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!