ഫുജൈറയിൽ ജീവൻ നഷ്ടമായത് പ്രവാസികൾ ഉൾപ്പെടെ 14 പേർക്ക്; കത്തിയമർന്നത് 23 വാഹനങ്ങൾ

News Desk
1 Min Read

ഫുജൈറ: ഫുജൈറ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിലുണ്ടായ വൻ വാഹനാപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 14 പേർ മരിക്കുകയും 30 പേർക്കു പരുക്കേൽക്കുകയും ചെയ്തതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയന്ത്രണം വിട്ട ട്രക്ക് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്നാണ് 5 ട്രക്കുകളും 18 മറ്റു വാഹനങ്ങളും ഉൾപ്പെടെ 23 വാഹനങ്ങൾ കൂട്ടിയിടിച്ച് ദുരന്തമുണ്ടായത്.

അപകടത്തെ തുടർന്ന് തീപിടിച്ച ട്രക്കിൽ നിന്ന് മറ്റു വാഹനങ്ങളിലേക്കും അതിവേഗം തീ പടരുകയായിരുന്നു. വാഹനങ്ങൾ സാവധാനത്തിൽ നീങ്ങിക്കൊണ്ടിരുന്ന സമയത്താണ് അപകടമുണ്ടായത്. പരുക്കേറ്റവരിൽ 15 പേർ ആശുപത്രി വിട്ടതായും ബാക്കി 15 പേർ ഇപ്പോഴും തീവ്ര പരിചരണത്തിലാണെന്നും റിപോർട്ടുണ്ട്. മരിച്ചവരിൽ യുഎഇ പൗരന്മാരും ഉൾപ്പെടുന്നു.

ചിലരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തിവരികയാണ്. പരുക്കേറ്റവരിൽ യുഎഇ, ഒമാൻ, ഇന്ത്യ, ബ്രസീൽ, പാക്കിസ്ഥാൻ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്.

ഫുജൈറ പൊലീസും അടിയന്തര രക്ഷാസേനാ വിഭാഗങ്ങളും സംഭവസ്ഥലത്ത് ഏകോപിച്ചുകൊണ്ട് രക്ഷാപ്രവർത്തനം നടത്തി. അപകടത്തെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ശേഖരിക്കാനും സാഹചര്യം വിലയിരുത്താനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ദാരുണമായ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയവും ഫുജൈറ പൊലീസും അനുശോചനം അറിയിച്ചു. ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഊഹാപോഹങ്ങളും സ്ഥിരീകരിക്കാത്ത വാർത്തകളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!