സേവനങ്ങൾ തടസ്സപ്പെട്ടതിൽ മാപ്പ് ചോദിച്ച് മൈക്രോസോഫ്റ്റ്; ആശങ്കയൊഴിയാതെ ഉപയോക്താക്കൾ

News Desk
1 Min Read

ലണ്ടൻ: മൈക്രോസോഫ്റ്റിൻ്റെ ഔട്ട്ലുക്ക്, ടീംസ്, മൈക്രോസോഫ്റ്റ് 365 ഉൾപ്പെടെയുള്ള സേവനങ്ങള്‍ ആഗോളതലത്തില്‍ തകരാറിലായതിന് പിന്നാലെ ഉപയോക്താക്കളോട് ക്ഷമാപണം നടത്തി മൈക്രോസോഫ്റ്റ്. സേവനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും എന്നാൽ എല്ലാ സേവനങ്ങളും പൂർണമായി പ്രവർത്തനക്ഷമമാകാൻ എത്ര സമയമെടുക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും കമ്പനി വ്യക്തമാക്കി.

നെറ്റ്‌വർക്ക് ശേഷി വർധിപ്പിക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ സാങ്കേതിക പ്രശ്നമാണ് തകരാറിന് കാരണമെന്നും സൈബർ ആക്രമണവുമായോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) എജൻ്റെകളുമായോ ഇതിന് ബന്ധമില്ലെന്നും എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ കമ്പനി അറിയിച്ചു.

70ലധികം രാജ്യങ്ങളെയാണ് തകരാർ ബാധിച്ചത്. ബിസിനസ് സ്ഥാപനങ്ങളുടെയും സർക്കാർ സംവിധാനങ്ങളുടെയും പ്രവർത്തനങ്ങൾക്കൊപ്പം വ്യക്തിഗത ഉപയോക്താക്കളുടെ സേവനങ്ങളെയും തകരാർ ബാധിച്ചു. ലോകമെമ്പാടുമായി 43 കോടിയിലധികം ആളുകളാണ് മൈക്രോസോഫ്റ്റിൻ്റെ വിവിധ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത്.

ഔട്ട്‌ലുക്ക് ഇമെയിൽ, മൈക്രോസോഫ്റ്റ് ടീംസ്, കോപൈലറ്റ് എന്നിവയയാണ് പ്രധാനമായവ.
‘ ഉപയോക്താക്കൾക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളിൽ ഞങ്ങൾ അഗാധമായി ഖേദിക്കുന്നു. ഞങ്ങളുടെ സേവനങ്ങളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെക്കുറിച്ച് ഞങ്ങൾക്ക് ബോധ്യമുണ്ട്; ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നിലവിൽ ഞങ്ങളുടെ സേവനങ്ങൾ വ്യാപകമായി പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.’ മൈക്രോസോഫ്റ്റ് എക്സിൽ കുറിച്ചു.

വ്യാഴാഴ്ചയോടെയാണ് മൈക്രോസോഫ്റ്റ് 365 ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ട് തുടങ്ങിയത് വെള്ളിയാഴ്ചയോടെ തകരാറിൻ്റെ ആഘാതം വ്യാപിച്ചു. ഇന്ത്യയിലെ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനങ്ങളെയും തകരാർ കാര്യമായി ബാധിച്ചിരുന്നു. ഡല്‍ഹിയിൽ നിന്ന് പുണെ, ലേ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള മൂന്ന് സര്‍വീസുകള്‍ സ്‌പൈസ്ജെറ്റ് റദ്ദ് ചെയ്തിരിന്നു.

ഇ-മെയിൽ, ജീവനക്കാർ തമ്മിലുള്ള ആശയവിനിമയ സംവിധാനങ്ങൾ, എ ഐ സഹായത്തോടെയുള്ള ടൂളുകൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ തടസ്സപ്പെട്ടതോടെ ലോകമ്പൊടുമുള്ള വിവിധ മേഖലകളിലെ നിരവധി സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളാണ് താളംതെറ്റിയത്.

പരിശോധന പൂർത്തിയായ ശേഷം സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് പുറത്തുവിടുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!