ഗുരുഗ്രാം: ഗുരുഗ്രാമിലെ ഖാണ്ഡ്സയിൽ നിന്ന് കാണാതായ 64-കാരനായ മുൻ സൈനികൻ ബൽറാമിനെ അയൽക്കാർ അടിച്ചുകൊന്ന് മൃതദേഹം കത്തിച്ചതായി പൊലീസ് കണ്ടെത്തി. സംഭവത്തിൽ മൂന്ന് അയൽക്കാർ അറസ്റ്റിൽ. ജൂൺ 12-നാണ് ബൽറാമിനെ കാണാതായത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ബൽറാം തങ്ങളെ സ്ഥിരമായി ചീത്ത വിളിക്കാറുണ്ടായിരുന്നു എന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ജൂൺ 12-ന് രാത്രിയും ഇത്തരത്തിൽ തർക്കമുണ്ടായി. തുടർന്ന് മൂവരും ചേർന്ന് ബൽറാമിനെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതികൾ മൃതദേഹം വിജനമായ പറമ്പിൽ എത്തിച്ച് പെട്രോളും വിറകും ഒഴിച്ച് കത്തിച്ചുകളഞ്ഞു. തെളിവ് നശിപ്പിക്കാനായിരുന്നു ഇത്. ബൽറാമിന്റെ കൈയിലുണ്ടായിരുന്ന സ്വർണ്ണമോതിരം പ്രതികൾ 70,000 രൂപയ്ക്ക് വിറ്റിരുന്നു. ഈ മോതിരവും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
