സ്ത്രീകളെ നഗ്നരായി ചിത്രീകരിക്കും; AI ന്യൂഡിഫിക്കേഷൻ ആപ്പുകൾ

News Desk
3 Min Read

ഒരു സ്ത്രീയുടെ അറിവോ സമ്മതോ ഇല്ലാതെ അവരെ നഗ്നരായി ചിത്രീകരിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിക്കുന്ന പ്രവണതയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. അത്തരം ചിത്രങ്ങളെ മോർഫിങ് എന്ന വാക്കിലൂടെ വിശേഷിപ്പിക്കപ്പെട്ട ആ സംഗതി ഒടുവിൽ ചെന്നുനിന്നത് ഡീപ്‌ഫേക്ക് എന്ന വാക്കിലാണ്.

സത്യത്തിൽ ഈ സാങ്കേതികവിദ്യകളുടെയൊന്നും ലക്ഷ്യം നഗ്നചിത്രങ്ങൾ നിർമിക്കുകയായിരുന്നില്ല. പക്ഷെ, ദുരുപയോഗം ചെയ്യപ്പെട്ടു. ഇതിനിടയിലാണ് എഐയുടെ കടന്നുവരവ്. വ്യക്തികളുടെ സമ്മതമില്ലാതെ അവരെ നഗ്‌നരായി ചിത്രീകരിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കുന്ന എഐ ന്യൂഡിഫിക്കേഷൻ സാങ്കേതികവിദ്യയും അക്കൂട്ടത്തിൽ അവതരിക്കപ്പെട്ടു, എഐ ന്യൂഡിഫിക്കേഷൻ ആപ്പുകൾ പ്ലേസ്റ്റോറിലും ആപ്പിൾ സ്റ്റോറിലും സുലഭമായി.

2026ന്റെ തുടക്കത്തിൽ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും നൂറിലധികം എഐ അധിഷ്ഠിത നഗ്നതാ ആപ്പുകൾ ലഭ്യമായിരുന്നതായി ടെക് ട്രാൻസ്പരൻസി പ്രോജക്റ്റ് എന്ന സംഘടന കണ്ടെത്തിയിരുന്നു. ഓൺലൈൻ ചൂഷണത്തിന്റെ വേഗത്തിൽ വളരുന്ന ഒരു രൂപമായി വളരെ പെട്ടന്നുതന്നെ ഇതുമാറി. സ്വാഭാവികമായും പ്രധാന ഇരകൾ സ്ത്രീകളും കുട്ടികളും തന്നെയായിരുന്നു. പുരുഷന്മാരുടെ ചിത്രങ്ങളെ ആപ്പുകൾ കണ്ടില്ലെന്ന് നടിച്ചു. പതിനായിരക്കണക്കിനോ, ലക്ഷക്കണക്കിനോ അല്ല 700 മില്യണിലധികം തവണയാണ് ഈ ആപ്പുകൾ ഉപയോഗിക്കപ്പെട്ടത്. 117 ദശലക്ഷം ഡോളർ വരുമാനമാണ് ഇവയുണ്ടാക്കിയത് എന്നോർക്കണം.

ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ലോറ ബെയ്റ്റ്‌സ് ഇത് സ്ത്രീകളിലും കുട്ടികളിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ’10-11 വയസ്സുള്ള കുട്ടികൾക്ക് ഇത് സംഭവിക്കുന്നതായി കാണുന്നുണ്ട്. പല സ്ത്രീകളും പിന്നീട് പിടിഎസ്ഡി അനുഭവിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികൾ പഠനംപോലും ഉപേക്ഷിച്ചു. സ്ത്രീകൾക്കെതിരായി മനഃപൂർവം ഉപയോഗിക്കുന്ന ആയുധമാണ് ഇത്. രാഷ്ട്രീയത്തിലുള്ള സ്ത്രീകളെ തകർക്കുന്നതിനായി സ്ഥിരമായി ഇത് ഉപയോഗിച്ച് വരുന്നു.’ ലോറ പറയുന്നു. അവർ മറ്റൊന്നുകൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്. എഐ റിസർച്ചേഴ്‌സിൽ സ്ത്രീകൾ വെറും 12 ശതമാനം മാത്രമാണെന്ന കാര്യം. അതായത് സ്ത്രീകളെ അധിക്ഷേപിച്ചും അപമാനിച്ചും പണം നേടുന്നത് പുരുഷന്മാരാണ്. സ്ത്രീകളെ നിശബ്ദരാക്കാനുള്ള അവരെ നിയന്ത്രിക്കാനുള്ള അല്ലെങ്കിൽ അവരുടെ മേൽ അധികാരം സ്ഥാപിക്കാനുള്ള ആൺകോയ്മയുടെ വളരെ പഴയൊരു രൂപം, പുത്തൻ കുപ്പിയിലെത്തിയ കാലപ്പഴക്കമുള്ള വീഞ്ഞ്. അതുകൊണ്ടുതന്നെ ഇതിനെതിരെ ശബ്ദമുയർത്താൻ ഗുണകരമായ ബന്ധങ്ങളും ലൈംഗിക വിദ്യാഭ്യാസവുമാണ് വേണ്ടതെന്നാണ് ലോറ പറയുന്നത്. കൺസെന്റ് ഉൾപ്പെടെയുള്ള വിഷയങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കണമെന്നും അവർ പറയുന്നു.

ലൈംഗിക ദുരുപയോഗത്തിൽ നിന്നും ചൂഷണത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയായ തോൺ ഇതുസംബന്ധിച്ച് പഠനം നടത്തിയിരുന്നു. 13 മുതൽ 20 വയസ്സ് വരെയുള്ള 1,200 യുവാക്കളിൽ നടത്തിയ പഠനത്തെ ആസ്പദമാക്കി എഐ ഡീപ്‌ഫേക്ക് നഗ്‌നചിത്രങ്ങൾ കുട്ടികളെയും കൗമാരക്കാരെയും എങ്ങനെ ബാധിക്കുന്നുവെന്ന് ഒരു റിപ്പോർട്ടും ഇവർ പ്രസിദ്ധീകരിച്ചു. വ്യാജചിത്രങ്ങളുടെ ഇരകളാകുന്നവർ കടുത്ത മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നതെന്ന് തോൺ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. 31 ശതമാനം പേരും മാനസികവും വൈകാരികവുമായ പ്രയാസങ്ങൾ നേരിടുന്നതായി സമ്മതിച്ചപ്പോൾ 30 ശതമാനം പേരും മാനഹാനിയെ ഭയക്കുന്നതായി തുറന്നുപറഞ്ഞു. ഇതിനെ പൂർണമായും അവഗണിക്കുന്നവർ 16 ശതമാനം പേർ മാത്രമാണ്. ഏതായാലും എഐ ജനറേറ്റഡ് ദുരുപയോഗം വർധിച്ചതോടെ ചില രാജ്യങ്ങൾ നിയമങ്ങൾ അവതരിപ്പിച്ചിരുന്നു. യുകെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇത് കുറ്റകരമാക്കിയിരുന്നു. എന്നാൽ ഭൂരിഭാഗം രാജ്യങ്ങളിലും ലീഗൽ ഫ്രെയിം വർക്ക് ആയിട്ടില്ല. ഈ ആപ്പുകൾക്ക് ഇരയാവുകയാണെങ്കിൽ, ദുരുപയോഗം റിപ്പോർട്ട് ചെയ്യാനും തെളിവായി സ്‌ക്രീൻഷോട്ടുകൾ എടുക്കാനും സഹായം തേടാനും വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്. ഗൂഗിളും ആപ്പിളും ബിബിസിക്ക് നൽകിയ പ്രതികരണത്തിൽ ഇത്തരം ആപ്പുകൾ നീക്കം ചെയ്തതായും ഡെവലപ്പർമാർക്കെതിരെ നടപടിയെടുത്തതായും വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യകാലങ്ങളിൽ ചിത്രങ്ങളിൽ മാറ്റംവരുത്താൻ വൈദഗ്ധ്യവും സമയവും വേണമായിരുന്നു. എന്നാൽ എഐ വന്നതോടെ വെറും മിനിറ്റുകൾകൊണ്ട് സാങ്കേതിക പരിജ്ഞാനമില്ലാത്തവർക്കും ഇത്തരം ചിത്രങ്ങൾ നിർമിക്കാൻ സാധിക്കും. കുട്ടികൾക്കിടയിൽ സൈബർ ബുള്ളിയിങ്ങിനും ഭീഷണിമുഴക്കി പണംതട്ടാനു(Sextortion)ല്ലാം ഈ ദുരുപയോഗം കാരണമാകും. ഇത്തരം ചിത്രങ്ങൾ തടയുന്നതിനായി സൗജന്യ ടൂളുകൾ ലഭ്യമാണ്. യുകെയുടെ StopNCII.org (ലൈംഗിക പീഡനത്തിന് ഇരയായവരുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുക) അത്തരത്തിലുള്ള ഒന്നാണ്. ഇരകൾക്ക് ഒരു യുണീക്ക് ഡിജിറ്റൽ ഫിംഗർപ്രിന്റ് സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കും. ഹാഷ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് വിവിധ പ്ലാറ്റ്‌ഫോമുകളിൽ ചിത്രം പങ്കിടുന്നത് തടയും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article