സഊദി കിരീടാവകാശിയുടെ നിർണ്ണായക ഇടപെടൽ; ഡൊണാൾഡ് ട്രംപുമായി സംസാരിച്ചു, സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്രപരമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകണമെന്ന് ആഹ്വാനം
- ഒരു വൻ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അത് ലോകത്തിന്റെ മൊത്തം സമാധാനത്തെയും സുരക്ഷയെയും ബാധിക്കുമെന്ന് സഊദി കിരീടാവകാശി മുന്നറിയിപ്പ് നൽകി
റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥകളും അവയുണ്ടാക്കുന്ന അന്താരാഷ്ട്ര പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. ഞായറാഴ്ചയായിരുന്നു നയതന്ത്ര പ്രാധാന്യമുള്ള ഈ സംഭാഷണം നടന്നത്.
മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ കിരീടാവകാശി ഊന്നിപ്പറഞ്ഞു. മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും സാഹചര്യം വൻ യുദ്ധത്തിലേക്ക് വഴിമാറുന്നത് തടയുന്നതിനും എല്ലാവിധ ശ്രമങ്ങളും നടത്തണമെന്ന് അമീർ മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു.
മേഖലയിലെ നിലവിലെ അടിയന്തര സാഹചര്യങ്ങളും, അത് ലോകരാജ്യങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഇരുനേതാക്കളും സംസാരിച്ചു. കൂടാതെ സഊദിയും അമേരിക്കയും തമ്മിലുള്ള ബന്ധവും സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
ഒരു വൻ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അത് ലോകത്തിന്റെ മൊത്തം സമാധാനത്തെയും സുരക്ഷയെയും ബാധിക്കുമെന്ന് സഊദി കിരീടാവകാശി മുന്നറിയിപ്പ് നൽകി. പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരും ഒരുമിച്ച് നിന്ന് സമാധാന ചർച്ചകൾക്ക് വഴി തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.
സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്രപരമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകണം. മേഖലയിലെ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നീക്കങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള സഹകരണ മേഖലകൾ അവലോകനം ചെയ്ത ഇരുവരും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.
അതേസമയം, ഇറാനെതിരെ നടത്താനിരുന്ന സൈനിക ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി പ്രസിഡൻറ് ഡോണൾഡ് ട്രംപ് ശനിയാഴ്ച അറിയിച്ചിരുന്നു. ഇറാെൻറയും മേഖലയിലെ മറ്റ് സൗഹൃദ രാജ്യങ്ങളുടെയും അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനം. എന്നാൽ എത്രയും പെട്ടെന്ന് ഒരു സമാധാന കരാറിൽ എത്തണം എന്ന നിബന്ധനയോടെയാണ് അമേരിക്ക തൽക്കാലം ആക്രമണത്തിൽ നിന്ന് പിന്നോട്ട് പോയിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
