സൂറിച്ച്: ഫിഫ ലോകകപ്പ് ടൂർണമെന്റുകളിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള വിവാദപരമായ പദ്ധതികൾ ഉപേക്ഷിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ലോകമെമ്പാടുമുള്ള ഫുട്‌ബോൾ സംഘടനകളിൽ നിന്നുള്ള ശക്തമായ എതിർപ്പിനെത്തുടർന്നാണ് തീരുമാനം.
ഫിഫയുടെ പ്രധാന മത്സരങ്ങൾ നടത്തുന്നതിനായി ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’ എന്ന പേരിൽ ഒരു വാണിജ്യ ഉപസ്ഥാപനം രൂപീകരിക്കാനും അതിൽ സ്വകാര്യ നിക്ഷേപകർക്ക് ഓഹരികൾ നൽകാനുമായിരുന്നു ലക്ഷ്യം. ഇതിലൂടെ ഏകദേശം 10 ബില്യൺ ഡോളർ സമാഹരിക്കാൻ കഴിയുമെന്ന് കണക്കാക്കപ്പെട്ടിരുന്നു.
ഈ നിർദേശത്തെ പിന്തുണയ്ക്കുന്ന 211 അംഗ അസോസിയേഷനുകൾക്ക് 40 ദശലക്ഷം ഡോളർ വീതം ഇൻഫാന്റിനോ വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ, നിക്ഷേപം വരുന്നതോടെ ഭാവിയിൽ ഓരോ അസോസിയേഷനും ലഭിക്കുന്ന വിഹിതം വർധിക്കുമെന്നും ധനകാര്യ സ്ഥാപനമായ ജെ.പി. മോർഗൻ തയ്യാറാക്കിയ രേഖകളിൽ സൂചിപ്പിച്ചിരുന്നു.
എന്നാൽ, ഫിഫയിലേക്ക് സ്വകാര്യ നിക്ഷേപകരെ കൊണ്ടുവരാനുള്ള പ്രസിഡന്റ് ജിയാനോ ഇൻഫാന്റിനോയുടെ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ (യുവേഫ) കഴിഞ്ഞദിവസം ഇതിനെതിരേ നിലപാട് പ്രഖ്യാപിച്ചിരുന്നു. പദ്ധതി നടപ്പാക്കിയാൽ ലോകകപ്പ് പൂർണമായും ബഹിഷ്‌കരിക്കുമെന്ന് യുവേഫ നിലപാടെടുത്തു. ലോകകപ്പ് ജേതാക്കളായ സ്‌പെയിൻ ഉൾപ്പെടെ സംഘടനയിലെ 55 അംഗങ്ങളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും യുവേഫ വ്യക്തമാക്കി.
വടക്കേ അമേരിക്കൻ ഫുട്‌ബോൾ സംഘടനയായ കോൺകാകാഫും പദ്ധതിയെ തള്ളിക്കളഞ്ഞു. വെള്ളിയാഴ്ച ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും (എ.എഫ്.സി.) എതിർപ്പറിയിച്ചു. ഈ മൂന്ന് ഗ്രൂപ്പുകളും ചേർന്നാൽ 211 വോട്ടുകളിൽ 136 എണ്ണം പദ്ധതിക്ക് എതിരെ വരുമായിരുന്നു, ഇത് പദ്ധതി പാസാകുന്നത് അസാധ്യമാക്കി.
ഫിഫ നീക്കം അപഹാസ്യമാണെന്നാരോപിച്ച്, കഴിഞ്ഞ ലോകകപ്പിൽ വൈറ്റ്ഹൗസ് ദൗത്യസംഘത്തിന്റെ തലവനായിരുന്ന കാർലോസ് കോർഡേറോ ഫിഫിയിൽനിന്ന് രാജിവെച്ചിരുന്നു ഫിഫയിലെ മറ്റ് ഉന്നതരോട് പ്രതികരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് കോർഡെറോ രാജി പ്രഖ്യാപിച്ചത്.
ഫിഫയ്ക്കു കീഴിലെ ഫിഫ ഫോർവേഡ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് സ്വകാര്യ നിക്ഷേപകരെ കൊണ്ടുവരാനായിരുന്നു നീക്കം. ഫിഫയുടെ വാണിജ്യ അവകാശങ്ങളും ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളുടെ നടത്തിപ്പും എന്റർപ്രൈസസിനു കൈമാറായിരുന്നു ധാരണ. ധനകാര്യസ്ഥാപനമായ ജെ.പി. മോർഗൻ വഴി തുടക്കത്തിൽ 40,000 കോടിയുടെ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
