മുംബൈ: മുംബൈയിൽ അക്രമി ലോക്കല്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട യുവതിയുടെ ഇടതുകൈ നഷ്ടപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 16 സ്റ്റിച്ചുകളുണ്ട്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദേഹത്ത് മോശം രീതിയില്‍ സ്പര്‍ശിച്ചതിനാണ് അക്രമി യുവതിയെ ആക്രമിച്ച് ട്രെയിനില്‍ നിന്നും തള്ളിയിട്ടത്. ബോറിവാലിയിൽ നിന്ന് വിരാറിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനിലാണ് സംഭവം.
നൈഗാവ് സ്റ്റേഷനിലേക്ക് ട്രെയിൻ എത്തുന്നതിനിടെ സഹയാത്രികനായ യുവാവ് തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ മൊഴി. ഇതിനെ ചോദ്യം ചെയ്ത യുവതി ദേഷ്യത്തിൽ ചെരിപ്പൂരി ഇയാൾക്ക് നേരെ എറിയുകയായിരുന്നു.
തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.സംഭവത്തിൽ ഇടപെടാൻ മറ്റ് യാത്രക്കാർ ശ്രമിച്ചെങ്കിലും പ്രതി യുവതിയെ അസഭ്യം പറയുകയും സ്വന്തം ചെരിപ്പൂരി എറിയുകയും ചെയ്തു. നൈഗാവ് സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴും തർക്കം തുടർന്നു.
ഇതിനിടെ പ്രതി യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു. ഇതോടെ യുവതിയുടെ ഇടതുകൈ ചക്രങ്ങൾക്കിടയിൽ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനും മറ്റ് യാത്രക്കാരും ചേർന്നാണ് പ്ലാറ്റ്ഫോമിലേക്ക് മാറ്റിയത്. സംഭവത്തിനുശേഷം സ്ഥലത്തെ ബഹളത്തിനിടെ പ്രതി രക്ഷപ്പെട്ടു. എന്നാൽ മണിക്കൂറുകൾക്കകം തന്നെ ഇയാളെ പൊലീസ് പിടികൂടി.
താൻ നൈഗാവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാൾ മോശമായി സ്പർശിച്ചതെന്നും, എതിർത്തിട്ടും ഇയാൾ പെരുമാറ്റം തുടർന്നുവെന്നും ,വീട്ടിൽ അമ്മയും സഹോദരിയും ഇല്ലേയെന്ന് ചോദിച്ചിട്ടും ഇയാൾ പിന്മാറിയില്ലെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി പൊലീസിന് മൊഴി നല്‍കി.
തന്റെ ജീവിതം തന്നെ തകർന്നു, വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് താനായിരുന്നുവെന്നും, ഇനി ഒരു കൈകൊണ്ട് തനിക്കെന്ത് ചെയ്യാൻ കഴിയുമെന്നും യുവതി ആശങ്കയുയർത്തി. തനിക്ക് നീതി വേണമെന്നും, തന്നെ ഉപദ്രവിച്ചയാൾക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും യുവതി ആശുപത്രിയിൽ നിന്ന് പ്രതികരിച്ചു.
അതേസമയം, സംഭവത്തിൽ പൊലീസ് നടപടിക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. പ്രതിക്കെതിരെ വധശ്രമത്തിനുള്ള വകുപ്പ് ചുമത്താത്തതിനെതിരെയാണ് കുടുംബം വിമര്‍ശനം ഉന്നയിക്കുന്നത്. തുടർന്ന് കുടുംബം എംഎന്‍എസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഇതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസ് അന്വേഷണം ബലപ്പെടുത്തും എന്ന് പൊലീസ് അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
