റിയാദ്: മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂതി ഡ്രോൺ ആക്രമണം നടത്തിയതായി സഊദി അറേബ്യ. മദീനയിൽ പ്രവാചക മസ്ജിദിലേക്ക് (മസ്ജിദുന്നബവി) വൈദ്യുതി വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രത്തിന് നേരെയാണ് ഹൂത്തി മിലിഷ്യ ഡ്രോൺ ആക്രമണം നടത്തിയത്.
അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 5:11-ഓടെ മദീനയിലെ തൈ്വബ ത്വയ്ബ വൈദ്യുതി വിതരണ കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്.
സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഡ്രോണിന്റെ അവശിഷ്ടങ്ങളും ശാസ്ത്രീയ തെളിവുകളും വിശകലനം ചെയ്തതിൽ നിന്നാണ് ആക്രമണത്തിന് പിന്നിൽ ഹൂത്തി മിലിഷ്യയാണെന്ന് സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ഒരു ട്രാൻസ്ഫോർമർ പ്രവർത്തനരഹിതമായെങ്കിലും വൈദ്യുതി വിതരണ ശൃംഖലയെ ബാധിച്ചില്ലെന്നും വിതരണം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
മക്ക, മദീന എന്നീ പുണ്യനഗരങ്ങളെയും ഇരുഹറമുകളെയും ലക്ഷ്യമിട്ട് മുസ്ലിം ലോകത്തെ പ്രകോപിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സിവിലിയൻ സൗകര്യത്തിന് നേരെയുള്ള ഈ ആക്രമണമെന്നും ഇരുഹറമുകളുടെയും സംരക്ഷണവും തീർത്ഥാടകരുടെ സുരക്ഷയും ഉറപ്പാക്കാൻ ശക്തമായ പ്രതിരോധ നടപടികൾ തുടരുമെന്നും സഖ്യസേനാ വക്താവ് വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
