ദമാം: കിഴക്കൻ സഊദിയിലെ അന്താരാഷ്ട്ര വിമാനത്താവളമായ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ജുബൈൽ, ഖഫ്ജി എന്നിവയുമായി ബന്ധിപ്പിക്കുന്ന ബസ് സവീസുകൾ വരുന്നു. ദമ്മാം എയർപോർട്ട്‌സുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഷട്ടിൽ ബസ് യാത്രാ സേവനത്തിന്റെ ആദ്യ ഘട്ടം ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി പ്രഖ്യാപിച്ചു.
ജുബൈലിലേക്കും ഖഫ്ജിയിലേക്കും നിശ്ചയിച്ചിട്ടുള്ള റൂട്ടുകളിൽ ഇരുദിശകളിലേക്കും സർവീസ് നടത്തുന്ന ഷട്ടിൽ ബസ് സർവീസുകൾ ഈ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നുവെന്ന് അതോറിറ്റി അറിയിച്ചു. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കുന്നതിനും വ്യോമ-കര ഗതാഗത സേവനങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും ഈ സേവനം സഹായിക്കും. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ സജ്ജീകരിച്ചിട്ടുള്ള ആധുനിക ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് മൊത്തത്തിലുള്ള യാത്രാ അനുഭവം മെച്ചപ്പെടുത്തുകയും യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നു.
ജീവിതനിലവാരം ഉയർത്തുക, യാത്രാസൗകര്യം വർദ്ധിപ്പിക്കുക, കിഴക്കൻ പ്രവിശ്യയിലെ നഗരങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതുവഴി ഗതാഗത സംവിധാനങ്ങളുടെ ഏകോപനത്തെ പിന്തുണയ്ക്കാനും യാത്രക്കാർക്ക് കൂടുതൽ യാത്രാമാർഗ്ഗങ്ങൾ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.
ടിക്കറ്റ് ബുക്കിങ്
യാത്രക്കാർക്ക് ‘ദർബ് അൽ വതൻ’ (Darbalwatan – https://darbalwatan.com/ar/index.php) വെബ്സൈറ്റ് സന്ദർശിച്ചോ, അല്ലെങ്കിൽ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവൽ ലോഞ്ചിലുള്ള 5, 6 ഗേറ്റുകൾക്ക് സമീപമുള്ള സർവീസ് ഓഫീസുകൾ വഴിയോ റിസർവേഷൻ നടത്താവുന്നതാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
