ഫുജൈറ: യു എ ഇയെ കണ്ണീരിലാഴ്ത്തിയ ഫുജൈറ വാഹനാപകടത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ഫുജൈറ ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡില്‍ 23 വാഹനങ്ങള്‍ ഉള്‍പ്പെട്ട വന്‍ അപകടത്തില്‍ 14 പേരാണ് മരിച്ചത്. ഇതില്‍ പത്ത് പേര് യു എ ഇ സ്വദേശികളും നാല് പേര് ഇന്ത്യന്‍ പൗരന്മാരുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അപകടത്തില്‍ പരുക്കേറ്റ 30 പേരുടെ വിവരങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. എട്ട് യു എ ഇ സ്വദേശികള്‍, ഏഴ് ഇന്ത്യന്‍ പൗരന്മാര്, ആറ് ഒമാനി പൗരന്മാര്, മൂന്ന് ഈജിപ്ഷ്യന്‍ പൗരന്മാര്, രണ്ട് ജോര്‍ദാന്‍ സ്വദേശികള്‍, രണ്ട് പാകിസ്താന് പൗരന്മാര്, രണ്ട് ബ്രസീല്‍ സ്വദേശികള്‍ എന്നിവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടയിലുണ്ടായ രണ്ട് തുടര്‍ച്ചയായ അപകടങ്ങളാണ് വലിയ ദുരന്തത്തില്‍ കലാശിച്ചത്. നിശ്ചലമായിരുന്ന ട്രക്കില്‍ കാര്‍ ഇടിച്ചതായിരുന്നു ആദ്യ അപകടം. തുടര്‍ന്ന് രണ്ട് ഷിപ്പിംഗ് കണ്ടെയ്നറുകളുമായി വന്ന ട്രക്ക് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങള്‍ക്ക് മേല്‍ മറിയുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്റെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.
മരിച്ച നാലാമത്തെ ഇന്ത്യക്കാരന് 13കാരന്
ഫുജൈറ വാഹനാപകടത്തില്‍ ജീവന് നഷ്ടപ്പെട്ട നാലാമത്തെ ഇന്ത്യന്‍ പൗരന് 13 വയസ്സുകാരനായ ആണ്‍കുട്ടി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന സാമൂഹിക പ്രവര്‍ത്തകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്ത് സ്വദേശികളായ ഈ കുട്ടിയുള്‍പ്പെട്ട കുടുംബം യു എ ഇ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. അവധിക്കാലം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനായി ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകവെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കും മുതിര്‍ന്ന സഹോദരിക്കുമൊപ്പം കാര്‍ ഓടിച്ചിരുന്ന പാകിസ്താന് സ്വദേശിയായ ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഫുജൈറ മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഭരണരംഗത്തെ ഉന്നതരും സമൂഹത്തിലെ വിവിധ തുറകളിലുള്ളവരും നേരിട്ടെത്തി ആശ്വസിപ്പിച്ചു. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, രാജകുടുംബാംഗം ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് തുടങ്ങിയ പ്രമുഖര്‍ കുടുംബാംഗങ്ങളെ നേരില്‍ കണ്ട് അനുശോചനം അറിയിച്ചു.
സ്വദേശികളും വിദേശികളുമടക്കം സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നിരവധിയാളുകളാണ് മലയാളി കുടുംബത്തിന് സാന്ത്വനവുമായി എത്തിയത്. ദുഃഖത്തില്‍ കഴിയുന്ന കുടുംബങ്ങളോട് സംസാരിച്ചും അവര്‍ക്ക് ക്ഷമയും ധൈര്യവും നേര്‍ന്നും മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചുമാണ് ഓരോരുത്തരും മടങ്ങിയത്. ഫുജൈറ ഐ സി എഫ് ഭാരവാഹികളും അനുശോചന ചടങ്ങുകളിലും സന്ദര്‍ശനങ്ങളിലും പങ്കെടുത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
