- നിലവില്‍ അറബ്, മുസ്ലിം ലോകത്ത് സയണിസ്റ്റ് രാഷ്ട്രവുമായി ഏറ്റവും അധികം സജീവ ബന്ധംതുടരുന്നത് യുഎഇയാണ്
അബുദാബി: ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ചതായി യു.എ.ഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഞായറാഴ്ച അബുദാബിയിലെത്തിയ നെതന്യാഹു യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. മുന്‍കൂട്ടി വിവരം പുറത്തുവിടാതെയായിരുന്നു നെതന്യാഹുവിന്റെ സന്ദര്‍ശനം.
യു.എ.ഇയും ഇസ്റാഈലും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി വാം അറിയിച്ചു. സന്ദര്‍ശനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ ഇസ്റാഈല്‍ മാധ്യമങ്ങളില്‍ വന്നിരുന്നെങ്കിലും യു.എ.ഇ ഇന്നലെ മാത്രമാണ് രഹസ്യ കൂടിക്കാഴ്ച സ്ഥിരീകരിച്ചത്.
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഇസ്റാഈല്‍ നെസറ്റ് തെരഞ്ഞെടുപ്പിന് ഏകദേശം ഒരു മാസം മുമ്പാണ് നെതന്യാഹുവിന്റെ യു.എ.ഇ സന്ദര്‍ശനം. അതേസമയം, 2023 ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണത്തിന് മുമ്പ് ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ വലിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി യു.എ.ഇ പ്രസിഡന്റ് നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്റാഈലില്‍ വിവാദമായിരിക്കെയാണ് സന്ദര്‍ശനം.
2020ല്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒപ്പുവച്ച അബ്രഹാം ഉടമ്പടിയിലൂടെയാണ് യു.എ.ഇയും ഇസ്റാഈലും ഔദ്യോഗികമായി നയതന്ത്രബന്ധം സാധാരണ നിലയിലാക്കിയത്. തുടര്‍ന്ന് ഇരു രാജ്യങ്ങളും വിവിധ മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്തിവരികയാണ്. നിലവില്‍ അറബ്, മുസ്ലിം ലോകത്ത് സയണിസ്റ്റ് രാഷ്ട്രവുമായി ഏറ്റവും അധികം സജീവ ബന്ധംതുടരുന്നതും യുഎഇയാണ്
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
