മൈസൂരു: യുവതിയെ കൊലപ്പെടുത്തിയെന്ന കേസിൽ യുവാവ് ജയിലിൽ കിടന്നത് 2 വർഷം; കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി 6 വർഷത്തിനു ശേഷം തിരികെയെത്തിയതോടെ പരാതിക്കാർ വെട്ടിലായി. മണ്ഡ്യ പാണ്ഡവപുര ഗ്രാമത്തിലാണു സംഭവങ്ങൾ. എൻ.മഞ്ജു (35) ആണു തിരികെ നാട്ടിലെത്തിയത്.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ശ്രീരംഗപട്ടണ സ്വദേശി മഞ്ചുനാഥുമായി മഞ്ജുവിന്റെ വിവാഹം കഴിഞ്ഞെങ്കിലും ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഇതിനിടെ മഞ്ജു കാമുകനായ ചാമരാജ്നഗർ സ്വദേശി നാഗേന്ദ്രയ്ക്കൊപ്പം നാടുവിട്ടു. ചെന്നൈയിലെത്തിയ ഇരുവരും അവിടെ ജോലി ചെയ്ത് താമസം തുടങ്ങി.
ഇതിനിടെ മഞ്ജുവിനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് നാഗരാജു പാണ്ഡവപുര പൊലീസിനെ സമീപിച്ചു. 2 വർഷമായിട്ടും മകളെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് 2021 ഓഗസ്റ്റിൽ ബന്ധുകൂടിയായ രാജേഷ് മഞ്ജുവിനെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതായി ആരോപിച്ച് വീണ്ടും പരാതി നൽകി. കൊലപാതക കുറ്റം ചുമത്തി പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്തു.
മഞ്ജുവും രാജേഷും നേരത്തെ പ്രണയത്തിലായിരുന്നുവെന്നും ഇതിൽ വിള്ളൽ വീണതോടെ കൊലപ്പെടുത്തിയെന്നും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കി. മഞ്ജുവിന്റെ മൃതദേഹം കണ്ടെത്താൻ കഴിയാതെ വന്നതോടെ 2 വർഷത്തിന് ശേഷം രാജേഷിന് ജാമ്യം ലഭിച്ചു. മാസങ്ങൾക്ക് മുൻപാണ് മഞ്ജു പാണ്ഡവപുരയിലെ മായിഗൊനഹള്ളിയിൽ താമസിക്കാനെത്തിയത്. പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് രാജേഷും പിതാവ് രമേശും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ജു ജീവിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
