‘ലുങ്കിവാല’യില്‍ ഇളകിമറിഞ്ഞ് രാജ്യസഭ; മലയാളി എന്നതിൽ അഭിമാനമെന്ന് ബ്രിട്ടാസ്

News Desk
1 Min Read

ജോൺ ബ്രിട്ടാസിനെതിരായ ബിജെപി എംപി സുഷ്മിത ദേബിന്റെ ‘ലുങ്കിവാല’ പരാമർശത്തിൽ ഇളകിമറിഞ്ഞ് രാജ്യസഭ. വിഷയം ബ്രിട്ടാസാണ് രാജ്യസഭയില്‍ ഉന്നയിച്ചത്. മലയാളിയെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നത്.

അപമാനിച്ച അംഗം തന്നെ നിരന്തരം ശല്യപ്പെടുത്തിയെന്നും ‘ലുങ്കിവാല’ എന്ന് നിരന്തരം വിളിച്ച് പരിഹസിച്ചെന്നും ബ്രിട്ടാസ് സഭയിൽ പറഞ്ഞു. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ അവഹേളിക്കുന്ന പരാമർശം പാടില്ലെന്ന് വ്യക്തമാക്കിയ രാജ്യസഭ അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണൻ ഇരുവരെയും ചേംബറിലേക്ക് വിളിപ്പിച്ചു. ജെ.പി. നഡ്ഡയുടെ അടുത്തുപോയി സുഷ്മിത ദേവ് പരാതി പറഞ്ഞെങ്കിലും, ഭരണപക്ഷം വിഷയത്തില്‍ ഒപ്പം നിന്നില്ല.

കഴിഞ്ഞ ദിവസം ആദായക നികുതി ഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട ചർച്ചയിൽ ബ്രിട്ടാസ് സംസാരിക്കുമ്പോഴായിരുന്നു സുഷ്മിതയുടെ വിവാദമായ പരാമർശം. ബ്രിട്ടാസിന്റെ തൊട്ടുപിന്നിലെ സീറ്റിലിരുന്ന സുഷ്മിത ‘ലുങ്കിവാലാ’ എന്ന് വിളിക്കുകയായിരുന്നു. പല തവണ ഇത്തരത്തില്‍ വിളിച്ചതായി ബ്രിട്ടാസ് ആരോപിച്ചിരുന്നു. ഇന്ന് ‘ലുങ്കിവാല’ പരാമര്‍ശത്തില്‍ ബ്രിട്ടാസ്‍ സുഷ്മിതയ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി. ബ്രിട്ടാസ് സംസാരിക്കവെ സഭ വീണ്ടും ബഹളമയമായി.

സഭയില്‍ എല്ലാ അംഗങ്ങളും തുല്യരാണെന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി കിരൺ റിജിജു രാജ്യവിരുദ്ധതയോ, വ്യക്തി വിരോധമോ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. സുഷ്മിതയ്ക്കും പരാതിയുണ്ടെന്നും അതും കൂടി കേള്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ, ബ്രിട്ടാസിനെ മാത്രം സംസാരിക്കാന്‍ അനുവദിച്ചതില്‍ ബിജെപി അംഗങ്ങള്‍ ബഹളം വച്ചു. കേന്ദ്രമന്ത്രിയായ നഡ്ഡയുടെ അടുത്തുപോയി സുഷ്മിത പരാതി പറയുന്നതും കാണാനായി.

എല്ലാ സംസ്ഥാനങ്ങളിലെയും വസ്ത്രധാരണ രീതിയെ ബഹുമാനിക്കുന്നുണ്ടെന്നായിരുന്നു നഡ്ഡ സഭയില്‍ പറഞ്ഞത്. ‘ലുങ്കി’ എന്നല്ല ‘ധോത്തി’ എന്നാണ് വിളിക്കുന്നത്. പ്രസ്താവനകളെ പിന്തുണയ്ക്കുന്നില്ലെന്നും നഡ്ഡ വ്യക്തമാക്കി. സുഷ്മിതയുടെ ഭാഗം കേള്‍ക്കണമെന്നതിനപ്പുറം പിന്തുണയ്ക്കുന്നതില്‍ ബിജെപി അംഗങ്ങള്‍ താല്‍പ്പര്യം കാണിച്ചതുമില്ല.

രൂക്ഷമായതോടെ സഭാ അധ്യക്ഷന്‍ ഇടപെട്ടു. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ അവഹേളിക്കുന്ന പരാമർശം പാടില്ലെന്നായിരുന്നു രാജ്യസഭാ അധ്യക്ഷന്റെ റൂളിങ്. ബ്രിട്ടാസിനെയും സുഷ്മിതയേയും സി.പി. രാധാകൃഷ്ണൻ ചേമ്പറിലേക്ക് വിളിപ്പിക്കുകയും ചെയ്തു. സഭാ നടപടികള്‍ തടസപ്പെട്ടതോടെ, ഉച്ചയ്ക്ക് രണ്ടു വരെ രാജ്യസഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article