യെച്ചൂരിയുടെ ജന്മദിനം സിപിഐഎം മറന്നു? ഓര്‍മിപ്പിച്ചത് രാഹുല്‍ ഗാന്ധി

News Desk
1 Min Read

സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ജന്മദിനത്തില്‍ പാര്‍ട്ടി മറന്നോ? പാര്‍ട്ടി സമൂഹമാധ്യമ അക്കൗണ്ടുകളിലൊന്നും ഒരു കാര്‍ഡോ കുറിപ്പോ പോലും രാവിലെ വന്നിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് 12.26ന് എക്സില്‍ ചിത്രം സഹിതം കുറിപ്പ് പങ്കുവച്ചു.

പിന്നാലെ, 1.24ഓടെ സിപിഐഎമ്മും എക്സില്‍ സചിത്ര കുറിപ്പ് പങ്കുവച്ചു. ഇതോടെ യെച്ചൂരിയെ പാര്‍ട്ടി മറന്നെന്നും, രാഹുല്‍ ഓര്‍മിപ്പിക്കേണ്ടിവന്നെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു. എന്നാല്‍, ജന്മദിനം ഉള്‍പ്പെടെ വിശേഷദിനങ്ങള്‍ക്ക് സിപിഐഎം അത്ര പ്രാധാന്യം നല്‍കാറില്ലെന്നായിരുന്നു എതിര്‍വാദം.

“സീതാറാം യെച്ചൂരിയെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ഓര്‍ക്കുന്നു. എന്റെ പഴയ സുഹൃത്തിനെ, അദ്ദേഹത്തിന്റെ ജ്ഞാനം, തമാശ, പങ്കുവയ്ക്കപ്പെട്ട ഒട്ടനവധി സംഭാഷണങ്ങള്‍ എന്നിവ മിസ്സ് ചെയ്യുന്നു” എന്നായിരുന്നു രാഹുലിന്റെ കുറിപ്പ്. ഇരുവരും തമാശ പറഞ്ഞ് ചിരിക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു രാഹുല്‍ കുറിപ്പ് പങ്കുവച്ചത്.

ഉച്ചയ്ക്ക് 1.24ഓടെയായിരുന്നു സിപിഐഎം ഔദ്യോഗിക അക്കൗണ്ടില്‍ കുറിപ്പ് പങ്കുവച്ചത്. മുന്‍ ജനറല്‍ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയെ അദ്ദേഹത്തിന്റെ ജന്മ വാര്‍ഷികത്തില്‍ അനുസ്മരിക്കുന്ന എന്ന കുറിപ്പിനൊപ്പം, കാര്‍ഡും പങ്കുവയ്ക്കുകയായിരുന്നു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടേയോ, സിപിഐഎം കേരളത്തിന്റെ പേജുകളിലോ, നേതാക്കളുടെ പേജുകളിലോ ഒന്നും യെച്ചൂരി അനുസ്മരണം ഉണ്ടായിരുന്നില്ല. ഇതോടെയാണ് സിപിഐഎം നേതാവിന്റെ ജന്മ വാര്‍ഷികം കോണ്‍ഗ്രസ് നേതാവ് ഓര്‍മിപ്പിക്കേണ്ടിവന്നെന്ന തരത്തില്‍ ചില പ്രതികരണങ്ങള്‍ സൈബറിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, വ്യക്തിവിശേഷ ദിനങ്ങള്‍ സിപിഐഎം അങ്ങനെ ആചരിക്കാറുണ്ടോ എന്ന സംശയവും പലരും ഉയര്‍ത്തിയിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article