ചണ്ഡീഗഡ്: കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ്സ് തികയുന്നതുവരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ട പൊലീസ് ഹെഡ് കോൺസ്റ്റബിളിനെ പതിനെട്ടുകാരനായ മകൻ വെടിവച്ചുകൊന്നു.
ചണ്ഡീഗഡ് പൊലീസ് ആസ്ഥാനത്തെ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നിതിൻ സിങ് ആണ് മകൻ അർമാന്റെ വെടിയേറ്റ് മരിച്ചത്. സെക്ടർ 22ലെ പൊലീസ് ക്വാർട്ടേഴ്സിലാണ് തലയ്ക്ക് വെടിയേറ്റ നിലയിൽ നിതിൻ സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് നാടൻ തോക്ക് പൊലീസ് കണ്ടെടുത്തു.
പിതാവിനെ വെടിവച്ചതിനു പിന്നാലെ അർമാൻ അമ്മയുടെ കഴുത്തിനു ഞെരിച്ച് അപായപ്പെടുത്താനും ശ്രമിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ അർമാന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട അമ്മ വീടിന്റെ മട്ടുപ്പാവിലേക്ക് ഓടിക്കയറി അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം പുറത്തുനിന്നാരോ വന്ന് പിതാവിനെ വെടിവച്ചതാണെന്ന് വരുത്തിത്തീർക്കാനും അർമാൻ ശ്രമിച്ചതായി അയൽവാസികൾ മൊഴി നൽകി.
തന്റെ കാമുകിയെ വിവാഹം കഴിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട് അർമാൻ മാതാപിതാക്കളെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ ഇന്ത്യയിലെ നിയമപ്രകാരമുള്ള വിവാഹപ്രായമായ 21 വയസ് തികഞ്ഞതിനു ശേഷം മാത്രമേ വിവാഹം നടത്തൂ എന്ന് മാതാപിതാക്കൾ നിലപാടെടുത്തു. ഇതേച്ചൊല്ലി വ്യാഴാഴ്ച രാത്രിയും അർമാൻ മാതാപിതാക്കളുമായി തർക്കത്തിലേർപ്പെട്ടു.
കാമുകിയെ ഉടനടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരണമെന്ന അർമാന്റെ ആവശ്യം മാതാപിതാക്കൾ നിരസിച്ചതും, വിവിധ ആവശ്യങ്ങൾക്കായി പണം ആവശ്യപ്പെട്ട് വഴക്കുണ്ടാക്കിയതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ സുദേഷ് കുമാർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കൊലപാതകം നടത്തിയതിൽ അർമാന് യാതൊരുവിധ പശ്ചാത്താപവുമില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഈ വർഷം ആദ്യം മണിമാജ്‌രയിൽ വച്ച് അർമാൻ അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് സഹോദരങ്ങൾ കൊല്ലപ്പെട്ടിരുന്നു. സുഹൃത്തിന്റെ വാഹനം ഓടിച്ചായിരുന്നു അർമാൻ അന്ന് അപകടമുണ്ടാക്കിയത്. ഈ കേസിൽ അറസ്റ്റിലായ ഇയാൾ പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
