ജീവകാരുണ്യ രംഗത്തെ സജീവ സാന്നിദ്ധ്യത്തിന് സാമൂഹ്യ പ്രവർത്തകൻ സൈഫുദ്ധീൻ പൊറ്റശ്ശേരിക്ക് ജുബൈൽ മലയാളി സമാജത്തിൻ്റെ ആദരവ്

malayalampress
2 Min Read

ജുബൈൽ: 46 വർഷത്തെ പ്രവാസ ജീവിതത്തിൽ ജുബൈലിലേയും സഊദിയിലെ മറ്റ് പ്രദേശങ്ങളിലേയും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിദ്ധ്യമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയെ ജുബൈൽ മലയാളി സമാജം ആദരിച്ചു. പ്രയാസങ്ങളനുഭവിക്കുന്ന സഊദിയിലെ പ്രത്യേകിച്ചും കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യൻ പൗരന്മാർക്കും മറ്റു ഇതര പൗരന്മാർക്കും അവസരോചിതമായ ഇടപെടലുകളിലൂടെ ആശ്വാസം നൽകുന്നതിലൂടെ പ്രവാസികൾക്ക് ആശ്വാസം നൽകുന്നതിൽ മുന്നിലാണ് സൈഫുദ്ധീൻ പൊറ്റശെരി.

ജയിൽ, ലേബർ ഓഫീസ്, ജവാസാത്ത്,  നാർക്കോട്ടിക്ക് ഡ്രഗ്സ് കൺട്രോൾ വിഭാഗം, പോലീസ് സ്റ്റേഷൻ, കോടതി എന്നിങ്ങനെ ജുബൈലിലെ വ്യത്യസ്‌ത മേഖലകളിൽ അദ്ദേഹത്തിൻ്റെ സഹായ ഹസ്‌തം ആശ്വാസകരമാം വിധം എത്തിപ്പെടാറുണ്ട്. വർഷങ്ങളോളമായി റിയാദിലെ ഇന്ത്യൻ എംബസിയുമായി ജീവകാരുണ്യ രംഗത്തെ അദ്ദേഹത്തിൻ്റെ സേവന ബന്ധം അദ്ദേഹത്തിന്ന് സഊദി സർക്കാർ ഓഫീസുകളുമായി ബന്ധപ്പെടാനും പ്രയാസമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ പ്രശ്‌നങ്ങളിലിടപെട്ട് പരിഹാരം കണ്ടെത്താനുമായി എംബസി  ഓതറൈസേഷൻ ലേറ്ററും നൽകിയത് ഈ മേഖലയിൽ അദ്ദേഹത്തിന് കൂടുതൽ സഹായകമായി.

തൊഴിൽ സംബന്ധമായ തർക്കങ്ങളിലും തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള അസ്വാരസ്യങ്ങളിലും ജയിൽ തടവുകാരുടെ യാത്രാ തടസ്സങ്ങളുടെ വിഷയങ്ങളും മറ്റ് വ്യത്യസ്ത വിഷയങ്ങളിലും ഇടപെട്ട് പരിഹാരം കണ്ടെത്താൻ കഴിയുക എന്നത് അദ്ദേഹത്തിൻ്റെ ലക്ഷ്യമാണ്. കാലാവധി കഴിഞ്ഞ ഇക്കാമയിലുള്ളവർക്ക് നാട്ടിൽ പോവാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്ന പലർക്കും ഇന്ത്യൻ എംബസിയും ലേബർ ഓഫീസുമായും ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കി ഫൈനൽ ഏക്സിറ്റ് നൽകി നാടണയാനും അദ്ദേഹത്തിൻ്റെ അവസരോചിതമായ ഇടപെടൽ മൂലം കഴിഞ്ഞിരുന്നു.

അവിചാരിതമായുണ്ടാവാറുള്ള ചില കുടുംബ പ്രശ്നങ്ങളിൽ ഇന്ത്യൻ എംബസിയുടെ നിർദ്ദേശപ്രകാരം ഇടപെടാനും രമ്യതയിലെത്തിക്കാനും അവസരോചിതമായ പരിഹാരത്തിന്നായി ജുബൈൽ ഇൻ്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മുൻ അദ്ധ്യാപിക ഭാര്യ സാറാബായ് സൈഫുദ്ദീനും സാമൂഹ്യ പ്രവർത്തകൻ സലിം ആലപ്പുഴയും കൂടെ സഹായത്തിന്നിറങ്ങാറുണ്ട്. കഴിഞ്ഞ കൊറോണ കാലഘട്ടങ്ങളിൽ യാത്രാ സൗകര്യങ്ങളെല്ലാം മുടങ്ങിയ പ്രതിസന്ധികൾ നിറഞ്ഞ പ്രത്യേക സാഹചര്യങ്ങളിൽ ഇന്ത്യൻ എംബസിയുടെ നിയന്ത്രണത്തിൽ മാത്രം ഏർപ്പെടുത്തിയിരുന്ന വിമാനങ്ങൾ വഴി ഒട്ടനവധി ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേകിച്ചും മലയാളികൾക്കും എംബസിയുമായി ബന്ധപ്പെട്ട് യാത്രാ ടിക്കറ്റ് ശരിപ്പെടുത്തി കൊടുക്കുന്നതിൽ സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ ശ്രമം സ്തുത്യർഹമായിരുന്നു. കൊറോണ കാലഘട്ടങ്ങളിൽ ജുബൈലിലെ ഒരു പ്രമുഖ ട്രാവൽ ഏജൻസി പ്രത്യേകമായി ഷെഡ്യൂൾ ചെയ്യാറുണ്ടായിരുന്ന ചാർട്ടേഡ് വിമാനങ്ങൾ വഴി ട്രാവൽ ഏജൻസിയുടെ മാനേജറുമായി ബന്ധപ്പെട്ട് സാമ്പത്തികമായി പ്രയാസങ്ങളനുഭവിച്ചിരുന്ന ധാരാളം പേർക്ക് നാട്ടിലേക്കുള്ള സൗജന്യമായി വിമാന ടിക്കറ്റ് തരപ്പെടുത്തി കൊടുത്തതും അത്യധികം ആശ്വാസകരമായിരുന്നു.

ജീവകാരുണ്യ രംഗത്തെ സജീവ കൂട്ടായ്മയായ ജുബൈൽ മലയാളി സമാജത്തിൻ്റെ ഓണാഘോഷ പരിപാടിയും സഊദി ദേശീയ ദിനാഘോഷവും ഒരുമിച്ച് നടത്തിയ ആഘോഷ വേളയിലാണ് കൂട്ടായ്മയുടെ വൈസ് പ്രസിഡണ്ട് എബി ജോൺ പൊന്നാട അണിയിച്ചും ട്രഷറർ ശ്രീ സുമോദ് മോഹൻ മൊമെൻ്റോ നൽകിയും ആദരിച്ചത്. അബൂ അലി ബീച്ച് ക്യാമ്പിൽ നടത്തിയ തിങ്ങി നിറഞ്ഞ സദസിൽ മലയാളി സമാജം പ്രസിഡണ്ട് ബൈജു അഞ്ചൽ ജനറൽ സെക്രട്ടറി സന്തോഷ് ചക്കിംഗൽ ചെയർമാനാൻ തോമസ് മാമൂടൻ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റ് വനിതാവിംഗ് അംഗങ്ങളും സന്നിഹിതരായിരുന്നു. ജുബൈൽ പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കോഡിനേറ്ററും ഇന്ത്യൻ എംബസിയുടെ വളണ്ടിയറും കൂടിയാണ് സൈഫുദ്ദീൻ പൊറ്റശ്ശേരി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!