സസ്പെൻഷൻ പിൻവലിച്ച് ഉത്തരവ്; ഡിവൈഎസ്പി എ ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുത്തു

News Desk
1 Min Read

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്ത ഡിവൈഎസ്പി എ ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുത്തു. വകുപ്പുതല അന്വേഷണത്തിനുശേഷം തിരിച്ചെടുത്തുവെന്നാണ് ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

എന്നാല്‍ തിരിച്ചെടുത്ത ഉത്തരവില്‍ വകുപ്പുതല നടപടിയെക്കുറിച്ച് പറയുന്നില്ല. സര്‍വീസിലെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നടപടി.

2025 നവംബര്‍ 30നാണ് വടകര ഡിവൈഎസ്പി ആയിരുന്ന ഉമേഷിനെ സസ്പെന്‍ഡ് ചെയ്തത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ പീഡന പരാമര്‍ശത്തിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍.

എന്നാല്‍ സംഭവത്തില്‍ ഇരയായ യുവതി പരാതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് മറ്റ് നടപടികള്‍ ഉണ്ടായില്ല. ഉമേഷിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചേവായൂര്‍ ബാങ്ക് തെരഞ്ഞടുപ്പില്‍ സിപിഐഎം നേതാക്കളെ സഹായിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

കേരള പൊലീസിന് മാനക്കേടുണ്ടാക്കിയ ആരോപണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഡിവൈഎസ്പി എ ഉമേഷിനെതിരെ ഉയര്‍ന്നത്. അനാശാസ്യത്തിന് റെയ്ഡ് ചെയ്ത് പിടികൂടിയ യുവതിയെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് ഉമേഷ് പീഡിപ്പിച്ചെന്നും നാലു യുവാക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നുമായിരുന്നു ആരോപണം. 2025ഏപ്രില്‍ 15-ന് വീട്ടിലെത്തിയ ഉമേഷ് തന്നെ ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

ബിനു തോമസിന്റെ 32 പേജുളള ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര ആരോപണമുണ്ടായിരുന്നത്. 2014-ല്‍ വടക്കഞ്ചേരി സിഐ ആയിരുന്ന കാലത്ത് ഉമേഷ് അനാശാസ്യക്കേസില്‍പ്പെട്ട യുവതിയെ അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നത്. യുവതിയുടെ അമ്മയും രണ്ട് ആണ്‍മക്കളും വീട്ടിലുളള സമയത്താണ് ഉമേഷ് അവരുടെ വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചതെന്നും കേസ് ഒതുക്കാനും മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരിക്കാനും യുവതിക്ക് ഉമേഷിന് മുന്നില്‍ കീഴടങ്ങേണ്ടിവന്നു എന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. നവംബര്‍ പതിനഞ്ചിനാണ് ചെറുപ്പുളശേരി എസ്എച്ച്ഒ ആയിരുന്ന കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി ബിനു തോമസിനെ (52) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് ആറുമാസം മുന്‍പാണ് ബിനു തോമസ് സ്ഥലംമാറ്റം ലഭിച്ച് ചെര്‍പ്പുളശ്ശേരിയില്‍ എത്തിയത്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!