ബെംഗളൂരു: വഴക്കിനിടെ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി വീട്ടിൽ മൂന്ന് ദിവസം കഴിഞ്ഞ ഭർത്താവ് അറസ്റ്റിൽ. ഒഡിഷ സ്വദേശിയായ സാഗർ റാവത്ത് (32) ആണ് അറസ്റ്റിലായത്.
ഭാര്യ അനുസൂയ ബെഹ്‌റ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കെട്ടി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചതായാണ് പൊലീസ് പറയുന്നത്.
സാമ്പിഗെഹള്ളിയിലെ എം.എസ്. നഗറിലെ ആളൊഴിഞ്ഞ സ്ഥലത്ത് സെപ്റ്റംബർ രണ്ടിന് ശുചീകരണ പ്രവർത്തനങ്ങൾക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നതിനാൽ ആദ്യം തിരിച്ചറിയാൻ കഴിഞ്ഞില്ല. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച വസ്ത്രത്തിലെ ടാഗ്, വളകൾ എന്നിവയാണ് അന്വേഷണത്തിൽ നിർണായകമായത്. വസ്ത്രത്തിന്റെ ടാഗ് പരിശോധിച്ച് പൊലീസ് വസ്ത്രം വാങ്ങിയ കട കണ്ടെത്തി. തുടർന്ന് ഒഡിഷ സ്വദേശികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനുസൂയയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
അനുസൂയയുടെ ഫോൺ നമ്പറിലേക്ക് പൊലീസ് ബന്ധപ്പെട്ടപ്പോൾ ഭർത്താവ് സാഗറാണ് ഫോൺ എടുത്തത്. ഭാര്യയെ കാണാനില്ലെന്നും നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുകയാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ അനുസൂയയുടെ സിം കാർഡ് സാഗർ ഉപയോഗിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ദമ്പതികൾക്കിടയിൽ പതിവായി വഴക്കുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. ഓഗസ്റ്റ് 11ന് ശമ്പളത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
പൊലീസ് ചോദ്യം ചെയ്യലിൽ സാഗർ കുറ്റം സമ്മതിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ചെന്നും നാലാം ദിവസം പുലർച്ചെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചെന്നുമാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
