ബെംഗളൂരു: ഒഴിഞ്ഞ പറമ്പുകൾ വൃത്തിയാക്കുന്നതിനിടെ ശുചീകരണത്തൊഴിലാളികൾ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ബെംഗളൂരു നഗരസഭ വിജനമായ പറമ്പുകൾ വൃത്തിയാക്കുന്നതിനായി നടപ്പാക്കിയ ശുചീകരണ ദൗത്യത്തിനിടെയാണ് തൊഴിലാളികൾ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
പിന്നാലെ സമ്പംഗിഹള്ളി പോലീസ് തെളിയിച്ചത്, ഭർത്താവ് കൊലപ്പെടുത്തി വിജനമായ പറമ്പിൽ ഉപേക്ഷിച്ച 28 വയസ്സുള്ള സ്ത്രീയുടെ കൊലപാതക കേസ്.
അനസൂയ ബെഹറ (28) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കേസിൽ അനസൂയയുടെ ഭർത്താവായ ബിഹാർ സ്വദേശി സാഗർ ചന്ദ്ര റാവത്ത് (32) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയത്തിലായിരുന്ന ഇരുവരും വിവാഹശേഷം ഏതാനും മാസങ്ങൾക്ക് മുമ്പാണ് ബെംഗളൂരുവിലേക്ക് താമസം മാറിയത്. സാഗർ ഒരു ഹോട്ടലിലും അനസൂയ ഒരു വസ്ത്രവിൽപനശാലയിലുമാണ് ജോലി ചെയ്തിരുന്നത്.
സാമ്പത്തിക പ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. ഓഗസ്റ്റ് 11-ന് നടന്ന തർക്കത്തിനൊടുവിൽ സാഗർ അനസൂയയെ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം സാഗർ ഭാര്യയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ തന്നെ സൂക്ഷിച്ചിരുന്നതായും പോലീസ് പറയുന്നു.
പിന്നീടാണ് മൃതദേഹം ഒരു ബെഡ്ഷീറ്റിൽ പൊതിഞ്ഞ് സമ്പംഗിഹള്ളി പ്രദേശത്തെ വിജനമായ ഒരു പറമ്പിൽ ഉപേക്ഷിച്ചത്. ആരെങ്കിലും മൃതദേഹം കണ്ടോ എന്നറിയാൻ പ്രതി ദിവസങ്ങളോളം ഈ പറമ്പിലെത്തി പരിശോധിച്ചിരുന്നതായി പോലീസ് പറയുന്നു. കൊലപാതകം നടന്ന് ഏകദേശം 20 ദിവസങ്ങൾക്ക് ശേഷം, സെപ്റ്റംബർ രണ്ടിനാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. അപ്പോഴേക്കും തെരുവ് നായ്ക്കൾ മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ ഭക്ഷിച്ചിരുന്നു. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ജീർണിച്ചിരുന്നതിനാൽ സ്ത്രീയെ തിരിച്ചറിയുന്നത് പോലീസിന് വെല്ലുവിളിയായിരുന്നു. എന്നാൽ മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രത്തിലെ ടാഗ് അന്വേഷണത്തിൽ നിർണായക തെളിവായി മാറി.
ഈ വസ്ത്രം വാങ്ങിയ ഷോപ്പിങ് മാൾ കണ്ടെത്തിയ പോലീസ് അവിടെ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് അനസൂയയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സംഭവത്തിനുശേഷവും സാഗർ പതിവുപോലെ ഹോട്ടലിൽ ജോലിക്ക് എത്തുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി.
ഹോട്ടലിൽ നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കിട്ടിരുന്ന കാര്യം വ്യക്തമായത്. തുടർന്ന് സാഗറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്കുള്ളിൽ സമ്പംഗിഹള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
വിജനമായ പറമ്പുകൾ വൃത്തിയാക്കാൻ നഗരസഭാ അധികൃതർ നൽകിയ നിർദ്ദേശത്തെ തുടർന്ന് ശുചീകരണം ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. തുടർന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
