ബിജെപിക്കായി മത്സരിക്കാൻ ഗ്യാനേഷ് കുമാർ നിർബന്ധിച്ചു: വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി

News Desk
2 Min Read

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് വാഗ്ദാനം ചെയ്തിരുന്നതായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് കേരളത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാനുള്ള സാധ്യതയെക്കുറിച്ച് ഗ്യാനേഷ് കുമാർ തന്നോട് ചോദിച്ചതെന്ന് ജിജി തോംസൺ ‘ഓൺ മനോരമയോട്’ പറഞ്ഞു. എസ്ഐആറുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരിൽ‍ വൻ പ്രതിഷേധം നേരിടുന്ന ഗ്യാനേഷ് കുമാർ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്.

‘അന്ന് ഞാൻ ചീഫ് സെക്രട്ടറിയാണ്. ഞങ്ങൾ ഒരുമിച്ച് വിമാനത്തിലുണ്ടായിരുന്നു. അദ്ദേഹം പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി സംസാരിച്ചു. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ താൽപര്യമുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഏറെ നിർബന്ധിച്ചെങ്കിലും ഞാൻ നിരസിച്ചു’– 2016ൽ കേരള ചീഫ് സെക്രട്ടറിയായി വിരമിച്ച ജിജി തോംസൺ പറഞ്ഞു.

തന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽതന്നെ ചിലർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമീപിച്ച മറ്റൊരു സംഭവവും ജിജി തോംസൺ ഓർത്തെടുത്തു. ‘ആ സമയത്തും ഞാൻ ആ ഓഫർ നിരസിച്ചു, ഗ്യാനേഷ് ഇതറിഞ്ഞ് എന്നെ രാഷ്ട്രീയത്തിലേക്ക് വരാൻ പ്രേരിപ്പിക്കുകയായിരുന്നു’ – ജിജി തോംസൺ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എന്ന നിലയിൽ ഗ്യാനേഷ് കുമാർ കടുത്ത വിമർശനങ്ങൾ നേരിടുന്ന സമയത്താണ് ബിജെപിക്കായി അദ്ദേഹം പരസ്യമായി വാദിച്ച കാര്യം ജിജി തോംസൺ വെളിപ്പെടുത്തുന്നത്.

2025 ഫെബ്രുവരിയിലാണ് ഗ്യാനേഷ് കുമാർ 26-ാമത് ചീഫ് ഇലക്‌ഷൻ കമ്മിഷണറായി ചുമതലയേറ്റത്. ഐഐടി കാൺപുരിൽനിന്ന് സിവിൽ എൻജിനീയറിങിൽ ബിടെക് പൂർത്തിയാക്കി. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. അടൂർ സബ് കലക്ടർ, പട്ടികജാതി/പട്ടികവർഗ വികസന കോർപറേഷൻ എംഡി, കൊച്ചിൻ കോർപറേഷൻ സെക്രട്ടറി, സഹകരണ ബാങ്ക് എംഡി, എറണാകുളം ജില്ലാ കലക്ടർ, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി സെക്രട്ടറി, ട്രിവാൻഡ്രം എയർപോർട്ട് ഡെവലപ്‌മെന്റ് സൊസൈറ്റി എംഡി, ന്യൂഡൽഹിയിലെ കേരള ഹൗസിന്റെ റസിഡന്റ് കമ്മിഷണർ പൊതുമരാമത്ത് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം കേരളത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.

ലോകബാങ്ക് ധനസഹായത്തോടെയുള്ള കേരളത്തിലെ റോഡ് നിർമാണ പദ്ധതിയിലെ ഗുരുതരമായ അഴിമതി ആരോപണങ്ങളെത്തുടർന്ന് പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കി, തുടർന്ന് കേന്ദ്രത്തിലേക്ക് ഡപ്യൂട്ടേഷനിൽ പോകുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!