ഇന്ത്യയിലെ 45 ശതമാനം വീടുകളും ഇ വി ചാർജിംഗിന് അനുയോജ്യമല്ലെന്ന് റിപ്പോർട്ട്; ഇ വി ചാർജ് ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

News Desk
2 Min Read

ന്യൂഡൽഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicles) പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പുതിയ പഠന റിപ്പോർട്ട്. ഇന്ത്യയിലെ ഏകദേശം 45 ശതമാനം വീടുകളിലും സുരക്ഷിതമായി ഇ വി ചാർജിംഗ് (EV Charging) നടത്തുന്നതിന് ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ചർ നവീകരിക്കേണ്ടതുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ‘ദി നെറ്റ് സീറോ ട്രാൻസിഷൻ സ്റ്റാർട്ട്സ് അറ്റ് ഹോം: ഇനേബ്ലിംഗ് ഇ വി റെഡി റെസിഡൻസസ് ഇൻ ഇന്ത്യ’ എന്ന പേരിലിറങ്ങിയ പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ഇന്ത്യയിലെ ടിയർ 1, ടിയർ 2, ടിയർ 3 നഗരങ്ങളിൽ താമസിക്കുന്ന ആളുകളുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി സ്വതന്ത്ര വീടുകൾ, അപ്പാർട്ട്മെന്റ് കോംപ്ലക്സുകൾ, ചേരികൾ, വാടക വീടുകൾ എന്നിവയിലായി സ്ഥാപിച്ചിട്ടുള്ള 80,000ത്തിലധികം ഗാർഹിക ഇ വി ചാർജറുകളിൽ നിന്നുള്ള വിവരങ്ങളാണ് പഠനവിധേയമാക്കിയത്.

ഇ വി പ്രോത്സാഹനത്തിനായി സർക്കാരുകൾ കർശന നടപടികൾ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഡൽഹി സർക്കാർ 2027 ജനുവരി മുതൽ പുതിയ പെട്രോൾ, സി എൻ ജി ത്രീ വീലറുകളുടെയും 2028 ഏപ്രിൽ മുതൽ പെട്രോൾ ടൂ വീലറുകളുടെയും രജിസ്ട്രേഷൻ നിരോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച് നിലവിൽ ഇ വി കാർ വാങ്ങാൻ സാധ്യതയുള്ള 55 ശതമാനം പേർക്ക് മാത്രമേ ഗാർഹിക ചാർജിംഗ് സൗകര്യം ലഭ്യമായിട്ടുള്ളൂ. രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട വൈദ്യുതി ഉപഭോഗം 2024ൽ മൊത്തം ദേശീയ ആവശ്യകതയുടെ 0.2 ശതമാനത്തിൽ നിന്ന് 2035 ഓടെ ഏകദേശം 6 ശതമാനമായി ഉയരുമെന്നും റിപ്പോർട്ട് കണക്കാക്കുന്നു.

ഇ വി ചാർജ് ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വളരെ വേഗത്തിൽ വർദ്ധിച്ചുവെങ്കിലും വീടുകളിലെ ചാർജിംഗ് സൗകര്യങ്ങൾ ഇപ്പോഴും തികച്ചും അപര്യാപ്തമാണ്. സുരക്ഷിതവും വിശ്വസനീയവുമായ ചാർജിംഗിനായി ഓരോ വീടും കുറഞ്ഞ മാനദണ്ഡം പാലിക്കേണ്ടതുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം ആളുകൾ സാധാരണ പവർ സോക്കറ്റുകൾ, താൽക്കാലിക എക്സ്റ്റൻഷൻ കേബിളുകൾ തുടങ്ങിയ സുരക്ഷിതമല്ലാത്ത രീതികളെയാണ് ആശ്രയിക്കുന്നത്.

സുരക്ഷിതമല്ലാത്ത ചാർജിംഗ് രീതികൾ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഗാർഹിക തലത്തിൽ ചെയ്യുന്ന ഇത്തരം താൽക്കാലിക ചാർജിംഗ് ക്രമീകരണങ്ങൾ കാരണം തീപിടുത്തമുണ്ടാകാൻ വലിയ സാധ്യതയുണ്ട്. കൂടാതെ ഇലക്ട്രിക്കൽ ഫോൾട്ടുകൾ ഉണ്ടാകാനും വിലകൂടിയ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും ഇത് കാരണമാകും. ഇത്തരം സാധാരണ സർക്യൂട്ടുകളിൽ അമിത ഭാരം വരുമ്പോൾ വോൾട്ടേജ് വ്യതിയാനം, വയറുകൾ അമിതമായി ചൂടാകുക, ട്രാൻസ്ഫോർമർ കേടാകുക, പ്രാദേശിക പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഇതിനുപുറമെ സുരക്ഷിതമല്ലാത്ത ചാർജിംഗ് വാഹനത്തിന്റെ ബാറ്ററി പെട്ടെന്ന് കേടാകാനും കാരണമാകുന്നു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article