- സംഘടനകളുമായി സഹകരിച്ച് ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുമെന്നും സാമൂഹിക സംഘടനങ്ങളുമായി എംബസി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അംബാസിഡർ
റിയാദ്: സഊദി അറേബ്യയിലെ 27 ലക്ഷം വരുന്ന ഇന്ത്യൻ പ്രവാസികൾ രാജ്യത്തിന്റെ പേരും പതാകയും ഉയർത്തിപ്പിടിക്കുന്നതിൽ മികച്ച പങ്കാണ് വഹിക്കുന്നതെന്നും ഇന്ത്യൻ സമൂഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ പാലമായി വർത്തിക്കുന്നുവെന്നും സഊദിയിലെ ഇന്ത്യൻ അംബാസഡർ വിപുൽ. റിയാദിലെ ഇന്ത്യൻ എംബസിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അംബാസിഡർ ആയി പദവി ഏറ്റെടുത്ത ശേഷം സഊദിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും പഴയ സംസ്കാരങ്ങളിലൊന്നും ജനാധിപത്യത്തിന്റെ മാതാവുമായ ഭാരതത്തെ, അറബ്-ഇസ്‌ലാമിക പൈതൃകത്തിന്റെ കേന്ദ്രമായ സൗദി അറേബ്യയിൽ പ്രതിനിധീകരിക്കാൻ കഴിയുന്നത് വലിയൊരു അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.
സഊദി അറേബ്യയുടെ ‘വിഷൻ 2030’-ഉം ഇന്ത്യയുടെ ‘വികസിത് ഭാരത്’ പദ്ധതിയും ഇരുരാജ്യങ്ങളുടെയും വളർച്ചക്ക് പുതിയ ദിശാബോധം നൽകുന്നുണ്ടെന്നു പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം ഊർജ്ജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ആരോഗ്യം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഗ്രീൻ ഹൈഡ്രജൻ, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ സാമ്പത്തിക ബന്ധം കൂടുതൽ വളരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യക്കാരെ സ്വന്തം കുടുംബം പോലെ സ്നേഹത്തോടെ പരിപാലിക്കുന്ന സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവർക്കും സഊദി സർക്കാരിനും ഇവിടുത്തെ ജനങ്ങൾക്കും അദ്ദേഹം ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.
ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ക്ക് മുന്‍ഗണനനല്‍കുമെന്നും എംബസി വാതില്‍ എല്ലാവര്‍ക്കും തുറന്നിട്ടിരിക്കുകയാണെന്നും പറഞ്ഞ അംബാസിഡർ, ഇന്ത്യന്‍ സംഘടനകളുമായി സഹകരിച്ച് ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുമെന്നും സാമൂഹിക സംഘടനങ്ങളുമായി എംബസി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അത് പ്രധാനപ്പെട്ട കാര്യമാണെന്നും കൂട്ടിച്ചേർത്തു.
രാവിലെ 8.30ന് എംബസി അങ്കണത്തിൽ അംബാസഡർ ദേശീയ പതാക ഉയർത്തിയതോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി. വന്ദേമാതരം മുഴുവനായി ആലപിച്ച ശേഷമാണ് ദേശീയ പതാക ഉയർത്തിയത്. തുടർന്ന് ദേശീയ ഗാനവും ആലപിച്ചു. വന്ദേമാതര ഗാനത്തിന്റെ 150-ാം വാർഷികം പ്രമാണിച്ച് പ്രത്യേക ആഘോഷങ്ങളും ഒരുക്കിയിരുന്നു. എംബസി ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സദസിനെ അഭിസംബോധനം ചെയ്ത അംബാസഡർ ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം വായിക്കുകയും തുടർന്ന് സ്വന്തം നിലയിൽ സംസാരിക്കുകയും ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
