ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാക്കിസ്ഥാന് സഹായം നൽകിയിരുന്നുവെന്ന ചൈനയുടെ വെളിപ്പെടുത്തലിൽ ചുട്ടമറുപടിയുമായി ഇന്ത്യ. ഭീകരകേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന രാജ്യങ്ങൾ, അത്തരം പ്രവർത്തനങ്ങൾ രാജ്യാന്തരതലത്തിൽ അവരുടെ സൽപ്പേരിനുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ചിന്തിക്കണമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 മേയിൽ ഓപ്പറേഷൻ സിന്ദൂർ നടക്കുമ്പോൾ പാക്കിസ്ഥാന് സാങ്കേതികസഹായം നൽകിയിരുന്നെന്ന് ചൈന സമ്മതിച്ച റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
‘നേരത്തേ അറിയാമായിരുന്ന കാര്യത്തെ സാധൂകരിക്കുന്ന റിപ്പോർട്ടുകൾ കണ്ടു. ഭീകരകേന്ദ്രങ്ങളെ സംരക്ഷിക്കുന്നവരെ പിന്തുണയ്ക്കുന്നത് അവരുടെ സൽപ്പേരിനെയും നിലപാടുകളെയും ബാധിക്കുമോ എന്ന് ചിന്തിക്കേണ്ടത് ഉത്തരവാദിത്തമുള്ള രാജ്യങ്ങളാണ്. പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി ഭീകരകേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ട് നിയന്ത്രിതമായാണ് ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. പാക്കിസ്ഥാനിൽ ഭരണകൂടത്തിന്റെ പിന്തുണയോടെ നടത്തുന്ന ഭീകരരുടെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കുക എന്നതായിരുന്നു ലക്ഷ്യം. ആർക്കൊപ്പമാണ് വൻശക്തികൾ സഖ്യമുണ്ടാക്കുന്നതെന്ന് രാജ്യാന്തര സമൂഹം ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്.’–രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ വേളയിൽ പാക്കിസ്ഥാന് ചൈന സാങ്കേതിക സഹായം നൽകിയെന്ന വിവരം ചൈനീസ് ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷന്റെ ചെങ്ഡു എയർക്രാഫ്റ്റ് ഡിസൈൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എൻജിയറാണ് വെളിപ്പെടുത്തിയത്. ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
