അർജുൻ ആയങ്കിയെ പിന്തുണച്ചവരുടെ പട്ടിക തയാർ; വീടുകളിൽ പൊലീസ് എത്തിത്തുടങ്ങി

News Desk
1 Min Read

കോട്ടയം: കേരള പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ അടക്കം പിന്തുണ നൽകിയവരുടെ പട്ടിക പൊലീസ് തയാറാക്കി.

അർജുൻ ആയങ്കിയെ പിന്തുണച്ചവരുടെ ലിസ്റ്റ് തയാറാക്കിയതായും അത്തരക്കാരുടെ വീടുകളിലേക്ക് പൊലീസ് എത്തി തുടങ്ങിയെന്നും എഡിജിപി പി. വിജയൻ മനോരമ ന്യൂസിനോടു പറഞ്ഞു. ആയങ്കി സൂപ്പർ സ്റ്റാറല്ല, ക്രിമിനലാണ്. സ്വർണം പൊട്ടിക്കൽ ഉൾപ്പെടെ ഒട്ടേറെ കുറ്റങ്ങൾ ചെയ്തയാളെ സമൂഹത്തിനു മുന്നിൽ പിന്തുണയ്ക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്നും എഡിജിപി അഭിപ്രായപ്പെട്ടു.

അതേസമയം അർജുൻ ആയങ്കിയെ വെടിവച്ചു പിടിക്കാൻ പൊലീസ് തീരുമാനിച്ചെന്ന വാർത്ത തെറ്റാണെന്ന് പി. വിജയൻ സിഥിരീകരിച്ചു. അത്തരമൊരു തീരുമാനം എടുത്തിരുന്നില്ല, വെടിവച്ചു പിടിക്കാനുള്ള റേഞ്ച് ആയങ്കിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആയങ്കി എവിടെയാണെന്നു പൊലീസിനു മുൻകൂട്ടി അറിയാമായിരുന്നു. അയാൾ എവിടെവരെ ഓടുമെന്നു നോക്കിയതാണ്. ഒപ്പം കൂട്ടത്തിൽ ആരൊക്കെ ഉണ്ടെന്ന് അറിയാനും പൊലീസ് കാത്തിരുന്നു, എഡിജിപി പി. വിജയൻ വെളിപ്പെടുത്തി. 

പൊലീസിനും ആഭ്യന്തര മന്ത്രിക്കും എതിരെ വെല്ലുവിളി പോസ്റ്റുകൾ ഇട്ടതിനു മറ്റാരുടെയും സഹായം തേടിയിട്ടില്ലെന്ന് അർജുൻ ആയങ്കി. തന്റെ ഐഫോണിൽ വിവിധ സ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ചാണ് പോസ്റ്റുകൾ ഇട്ടത്. ഇതിനു മറ്റാരുടെയും സഹായം തേടിയിട്ടില്ലെന്നും ആയങ്കി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പറഞ്ഞു. അതേസമയം, സുഹൃത്ത് പ്രണവാണ് പോസ്റ്റുകൾ ഇട്ടതെന്ന് അറസ്റ്റിലായപ്പോൾ ആയങ്കി മൊഴി നൽകിയിരുന്നു. എന്നാൽ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റാരെയും നിയോഗിച്ചിട്ടില്ലെന്നാണ് ചോദ്യം ചെയ്യലിൽ ആയങ്കി പൊലീസിനോടു പറഞ്ഞത്. അതേസമയം, ആയങ്കിയുടെ മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല. ഇന്ന് ആയങ്കിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article