കോട്ടയം: കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ചിരുന്ന 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി ലഹരി വിമുക്ത കേന്ദ്രത്തിലാക്കി. 3 മാസം നീണ്ട അന്വേഷണത്തിലാണ് വിവിധ കേസുകളിലായി 14,15,16 വയസ്സുള്ള 9 വിദ്യാർഥികൾ പിടിയിലായത്.
3 മാസം മുൻപ് ഉത്തർപ്രദേശ് സ്വദേശി ഋഷികേശ് സിങ്ങിൽനിന്ന് എക്സൈസിനു 194 ഗ്രാം മിഠായി സംശയാസ്പദ സാഹചര്യത്തിൽ ലഭിച്ചു. മിഠായികൾ പൊലീസിന്റെ ഫൊറൻസിക് ലാബിൽ എക്സൈസ് പരിശോധനക്കയച്ചു. ഫലം വന്നപ്പോൾ കഞ്ചാവിന്റെ സാന്നിധ്യം മിഠായിയിലുണ്ടെന്ന് തെളിഞ്ഞു.
ഇതോടെ എക്സൈസ് ഋഷികേശിനെ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് ഋഷികേശിനു വരുന്ന ഫോൺ കോളുകൾ എക്സൈസ് പരിശോധിച്ചു. വിദ്യാർഥികളാണ് ഋഷികേശിനെ വിളിച്ചിരുന്നവരിലേറെയും. അന്വേഷണത്തിൽ വിദ്യാർഥികൾ മിഠായികളടക്കമാണ് പിടിയിലായത്.
ഇവരെല്ലാം എക്സൈസ് വിമുക്തി സെല്ലിന്റെ ചികിത്സയിലാണ്. 40 എണ്ണമുള്ള മിഠായി പായ്ക്കറ്റിന് 200 രൂപ വിലയെന്നാണ് എക്സൈസ് കണ്ടെത്തിയത്. തുടർച്ചയായ മിഠായി ഉപയോഗം വിദ്യാർഥികളുടെ നാഡീവ്യൂഹത്തെ തളർത്തും.ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുമെന്ന് എക്സൈസ് പറയുന്നു.
ഒരു മിഠായിയുടെ തൂക്കം 5 ഗ്രാമാണ്. കയ്പും മധുരവുമാണ് രുചി. ജില്ലയിൽ ഇതുവരെ വിദ്യാർഥികളിൽനിന്ന് 974 ഗ്രാം കഞ്ചാവ് മിഠായി എക്സൈസ് കണ്ടെത്തി. കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ മിഠായി എത്തുന്ന മാർഗത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. പിടിയിലായ 15 വയസ്സുകാരനോട് എക്സൈസ് വിവരങ്ങൾ ചോദിച്ചപ്പോൾ മിഠായി കഴിച്ചാൽ നിർത്താതെ ചിരിക്കാൻ കഴിയുമെന്നാണ് പറഞ്ഞത്. മറ്റുള്ള കുട്ടികളിൽ സ്ഥിരംഉപയോഗം കാരണം ഡിപ്രഷനുണ്ടായി.
എതാനും ദിവസം മുൻപ് കോട്ടയത്തുനിന്നു വിനോദയാത്ര പോയതാണ് ഒരു കോളജിൽനിന്നുള്ള സംഘം. യാത്രയ്ക്കിടെ ഒരു വിദ്യാർഥി കുഴഞ്ഞുവീണു. കോളജ് അധികൃതർ നടത്തിയ അന്വേഷണത്തിൽ വിദ്യാർഥികൾ കഞ്ചാവ് മിഠായി കഴിച്ചെന്ന് കണ്ടെത്തി. വിവരം എക്സൈസിനെ അറിയിച്ചു. കഞ്ചാവ് അടങ്ങിയ മിഠായി എക്സൈസ് കണ്ടെത്തി. ഇതോടെ കോളജ് അധികൃതർ യാത്ര റദ്ദാക്കി തിരികെയെത്തി. അതിഥിത്തൊഴിലാളി നൽകിയതാണ് മിഠായിയെന്നാണ് എക്സൈസിനോട് വിദ്യാർഥികൾ പറഞ്ഞത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
