ദുബായ്: രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തെ ഏറ്റവും തിരക്കേറിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. പശ്ചിമേഷ്യയിൽ സംഘർഷം തുടർന്നതോടെ ദുബായില്‍ യാത്രക്കാരുടെ എണ്ണത്തിൽ 31.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ഈ വർഷം ആദ്യ ആറുമാസത്തിൽ 31.5 ദശലക്ഷം യാത്രക്കാർ മാത്രമാണ് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇത് 46 ദശലക്ഷം ആയിരുന്നു. ആദ്യ പകുതിയിൽ മൊത്തം വിമാന സർവീസുകളുടെ എണ്ണത്തിലും കുറവുണ്ടായി. 32.1 ശതമാനത്തിന്റെ ഇടിവാണ് സർവീസുകളിൽ ഉണ്ടായത്.
ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇതിന് മറുപടിയായി പശ്ചിമേഷ്യയിലെ യുഎസിന്റെ താവളങ്ങളിലും യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലും ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇതോടെ ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചുപൂട്ടാൻ നിർബന്ധിതരാവുകയായിരുന്നു. ഇതോടെ ദുബായ് വിമാനത്താവളത്തെ ഏറ്റവും കൂടുതൽ ആശ്രയിച്ച ഇന്ത്യക്കാർ ഉൾപ്പെയുള്ള യാത്രക്കാർ നാട്ടിലെത്താൻ ഏറെ ബുദ്ധിമുട്ടി.
തടസ്സങ്ങൾ ഉണ്ടായെങ്കിലും, എയർലൈനുകൾ ക്രമേണ സർവീസുകൾ പുനസ്ഥാപിച്ചതോടെ രണ്ടാം പാദത്തിൽ യാത്രാക്കാരുടെ എണ്ണം മെച്ചപ്പെട്ട് വരികയാണ്. ഏപ്രിലിൽ 3.5 ദശലക്ഷം യാത്രക്കാരും മെയ് മാസത്തിൽ 4.5 ദശലക്ഷം യാത്രക്കാരും ജൂണിൽ അഞ്ച് ദശലക്ഷം യാത്രക്കാരുമാണ് ദുബൈ വഴി യാത്ര ചെയ്തത്. സ്ഥിതി മെച്ചപ്പെട്ട് കൂടുതൽ വിമാന സർവീസുകൾ നടത്താൻ കഴുയമുന്ന പ്രതീക്ഷയിലാണ് അധികൃതർ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
