ഫ്രീ വിസക്കാർക്ക് മുട്ടൻ പണി വരുന്നു, പൂട്ടാനൊരുങ്ങി സഊദി അറേബ്യ, കടുത്ത പിഴ, നാട് കടത്തും

malayalampress
2 Min Read

റിയാദ്: ഫ്രീ വിസക്കാരെ പൂട്ടാനൊരുങ്ങി സഊദി അറേബ്യ. ഇത്തരക്കാർക്ക് കടുത്ത  പിഴയും, നാട് കടത്തലും നേരിടേണ്ടി വരുമെന്ന് സഊദി അറേബ്യ മുന്നറിയിപ്പ് നൽകി. ഫ്രീ ലാൻസ് ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലും നേരിടേണ്ടി വരുമെന്ന് സഊദി അറേബ്യ മുന്നറിയിപ്പ് നൽകി. ‘ഫ്രീ വിസ’യിലെത്തി പുറത്ത് ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള നൂറുകണക്കിന് പ്രവാസികൾക്ക് പുതിയ വഴി തേടാൻ പുതിയ തീരുമാനം ഇടയാക്കും.

പിടിയിലാകുന്നവരെ നാടുകടത്തുക മാത്രമല്ല, നിശ്ചിത വർഷത്തേക്ക് അല്ലെങ്കിൽ ആജീവനാന്തം സഊദി അറേബ്യയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് വിലക്ക് നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

ഹൗസ് ഡ്രൈവർ (ആമിൽ മൻസിലി), വീട്ടുജോലിക്കാർ തുടങ്ങിയ വിസകളിൽ വന്ന് പുറത്ത് പാർട്ട് ടൈം ജോലി ചെയ്യുന്ന വലിയൊരു വിഭാഗമുണ്ട്. വീട്ടു ജോലിക്ക് ശേഷം പാർട്ട് ടൈം വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുന്നവരും ഇവരിലുണ്ട്. ഇവർക്കു ഈ മാർഗ്ഗങ്ങൾ പൂർണ്ണമായും അടയും.

എന്താണ് ഫ്രീ വിസ?

​സ്വതന്ത്ര തൊഴിൽ: ഒരു പ്രത്യേക കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ കീഴിൽ ജോലിക്കാരനായിരിക്കാതെ, ഇഷ്ടമുള്ള മറ്റു സ്ഥലങ്ങളിൽ ജോലി ചെയ്യാനും സ്വന്തമായി വരുമാനം ഉണ്ടാക്കാനും  കഴിയുന്ന വിസയായാണ് ഇതിനെ പൊതുവെ പറയുന്നത്. വിസ നൽകിയ ആൾക്ക് (സ്പോൺസർ/കഫീൽ) എല്ലാ മാസവും അല്ലെങ്കിൽ വർഷവും നിശ്ചിത തുക നൽകി, ബാക്കി തുക തൊഴിലാളിക്ക് സ്വന്തമാക്കാം എന്ന രീതിയാണിത്.

​നിയമപരമായ യാഥാർത്ഥ്യം

യഥാർത്ഥത്തിൽ സൗദി തൊഴിൽ നിയമത്തിൽ ‘ഫ്രീ വിസ’ എന്നൊരു ഔദ്യോഗിക പദവിയില്ല എന്നത് ആദ്യമേ മനസ്സിലാക്കണം. നിലവിലെ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ അനുസരിച്ച് ഇത് പൂർണ്ണമായും നിയമവിരുദ്ധമാണ്. പരിശോധനയിൽ പിടിക്കപ്പെട്ടാൽ നാടുകടത്തപ്പെടുകയും വലിയ തുക പിഴയൊടുക്കേണ്ടതായും വരും. പരമ്പരാഗത രീതിയിലുള്ള പല ‘ഫ്രീ വിസകളും’ അതത് രാജ്യങ്ങളിലെ ലേബർ നിയമപ്രകാരം നിയമവിരുദ്ധമാണ്. വിസ നൽകിയ സ്പോൺസർക്ക് കീഴിൽ അല്ലാതെ മറ്റൊരിടത്ത് ജോലി ചെയ്യുന്നത് പിഴയ്ക്കും നാടുകടത്തലിനും കാരണമാകാറുണ്ട്.

സൗദി അറേബ്യ വിഷൻ 2030-ൻ്റെ ഭാഗമായി രാജ്യത്തെ തൊഴിൽ വിപണി കൂടുതൽ സുതാര്യമാക്കാനും ‘തസത്തൂൻ’ (അനധികൃത ബിനാമി ബിസിനസ്) പൂർണ്ണമായും തുടച്ചുനീക്കാനുമാണ് ശ്രമിക്കുന്നത്.

മുഴുവന്‍ പ്രവാസികളും ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്നും നിയമലംഘകരെ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 എന്ന നമ്പറിലും വിളിച്ച് നിയമ വിരുദ്ധ നടപടികൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!